കോന്നിയിൽ സിപിഎമ്മിന് ഏകപക്ഷീയ നിലപാടായിരുന്നുവെന്ന് സിപിഐ

By Web TeamFirst Published Sep 17, 2021, 8:39 AM IST
Highlights

അടൂരിൽ ബിജെപി വോട്ട് ചോർച്ചയുടെ ഗുണം കിട്ടിയത് യുഡിഎഫിനാണെന്നും സിപിഐ അവലോകന റിപ്പോർട്ടിൽ പറയുന്നു. 

പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഐയുടെ നിയമസഭ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സിപിഎമ്മിനെതിരെ വിമർശനം. കോന്നിയിൽ സിപിഎം ഏകപക്ഷീയമായി പ്രചരണം നടത്തിയെന്നാണ് റിപ്പോർട്ട്. അടൂരിൽ ഭൂരിപക്ഷം കുറയാൻ കാരണം കഴിഞ്ഞ അഞ്ച് വർഷത്തെ ചിറ്റയം ഗോപകുമാറിന്റെ പ്രവർത്തനങ്ങളിലെ വീഴ്ചയാണെന്നും സിപിഐ വിലയിരുത്തി.

2019ലെ ഉപതെരഞ്ഞെടുപ്പിൽ അട്ടിമറിയിലൂടെ എൽഡിഎഫിന് കോന്നി പിടിക്കാൻ കഴിഞ്ഞത് മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായിരുന്നെന്ന് ഓർമ്മിപ്പിക്കുകയാണ് സിപിഐ. എന്നാൽ ഇക്കഴിഞ്ഞ പൊതു തെരെഞ്ഞെടുപ്പിൽ ഘടകക്ഷികളുമായി ഒന്നും ആലോചിക്കുവാൻ സിപിഎം തയ്യാറായില്ലെന്നാണ് സിപിഐ റിപ്പോർട്ടിലെ വിമർശനം. കോൺഗ്രസിലെ തമ്മിൽ തല്ലും ബിജെപിയുടെ വോട്ട് ചോർച്ചയും എൽഡിഎഫിന് സഹായമായതുകൊണ്ടാണ് കെ യു ജനീഷ്കുമാർ 8508 വോട്ടിന് ജയിച്ചതെന്നാണ് വിലയിരുത്തൽ. 

സിപിഐ സ്ഥാനാർത്ഥി മത്സരിച്ച അടൂരിൽ സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങൾ വോട്ടർമാർക്കിടയിൽ കാര്യമായി സ്വാധീനം ഉണ്ടാക്കി. മണ്ഡലത്തിലെ ഏറത്ത് പഞ്ചായത്തിലെ സിപിഎം വിഭാഗീയത വോട്ട് ലഭ്യതയിൽ കുറവ് ഉണ്ടാക്കി. തെരഞ്ഞെടുപ്പിന് മുമ്പേ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ സിപിഎം ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും സിപിഐ ആരോപിക്കുന്നു. 

ഇടത് മേൽകൈയുള്ള ഏറത്ത് പഞ്ചായത്തിൽ ഇത്തവണ യൂഡിഎഫിന് വ്യക്തമായി ഭൂരിപക്ഷം കിട്ടി. ഇത് ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മിനെതിരായ ഒളിയമ്പുകൾ. തുടർച്ചയായി മൂന്നാം തവണ മത്സരത്തിനിറങ്ങിയ ‍ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെതിരെയും റിപ്പോർട്ടിൽ വിമർശനം ഉണ്ട്. എംഎൽഎ എന്ന നിലയിൽ ആദ്യ പാദത്തിൽ നടത്തിയ ഇടപെടലുകൾ കഴിഞ്ഞ തവണ ഉണ്ടായില്ല. പലയിടത്തും വീഴചകളുണ്ടായി. 2016 ൽ കിട്ടിയ 25460 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ കുത്തനെ ഇടിഞ്ഞ് 2919 ആകാനുള്ള കാരണവും ഇതാണെന്നാണ് കണ്ടെത്തൽ. 

ദളിത് ഐക്യവേദിയെ ഒപ്പം നിർത്താനും ബിജെപിയുടെ വോട്ട് ചോർച്ച അനുകൂലമാക്കാനും എൽഡിഎഫിന് കഴിഞ്ഞില്ലെന്നും സിപിഐ ജില്ലാ എക്സിക്യൂട്ടിവിന്റെയും ജില്ലാ കമ്മിറ്റിയുടെയും അവലോകനത്തിൽ എടുത്തു പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!