
തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയെ (Lokayukta Amendment) ഇപ്പോഴും എതിർക്കുന്നതായി സിപിഐ (CPI) സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (Kanam Rajendran) . ഓർഡിനൻസിന് എന്ത് അടിയന്തര സാഹചര്യം എന്നതാണ് സിപിഐയുടെ ചോദ്യം. അഭിപ്രായ സമന്വയം ഉണ്ടാക്കി മാത്രമേ എൽഡിഎഫിന് മുന്നോട്ട് കൊണ്ടു പോകാനാകൂ എന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ഇക്കാര്യത്തിൽ സിപിഎമ്മുമായി ചർച്ച നടന്നിട്ടില്ല. മുന്നണിക്കുള്ളിൽ ചർച്ച ചെയ്ത് ആശയസമന്വയം ഉണ്ടാകണം. വണ്ടിക്ക് പിറകിൽ കുതിരയെ കെട്ടിയിട്ട് എന്ത് കാര്യമെന്നും സിപിഎമ്മുമായി ചർച്ച നടത്തുമോ എന്ന ചോദ്യത്തിന് മറുപടിയായി കാനം രാജേന്ദ്രൻ പറഞ്ഞു.
ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ (lokayukta amendment ordinance) ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടത് അദ്ദേഹത്തിന് ബോധ്യമുള്ളതു കൊണ്ടാണ്. ലോകായുക്ത ബിൽ എത്തുമ്പോൾ വിയോജിപ്പുള്ളവർക്ക് അറിയിക്കാൻ അവസരമുണ്ട്. ക്യാബിനറ്റിൽ എന്ത് നടന്നു എന്ന് താൻ പറയില്ല, ക്യാബിനെറ്റിൽ താൻ ഇല്ല.
എം ശിവശങ്കർ പുസ്തകം എഴുതിയത് മാർക്കറ്റിംഗ് തന്ത്രമാണ്. സിപിഐക്ക് സ്വർണക്കടത്തുമില്ല, അത് രക്ഷിക്കാനുള്ള ശ്രമവും ഇല്ല. ഏത് തരത്തിൽ പുനരന്വേഷണം വേണമെങ്കിലും നടന്നോട്ടെ. അതിൽ സിപിഐ അഭിപ്രായം പറയുന്നില്ല എന്നും കാനം രാജേന്ദ്രൻ പറഞ്ഞു.