
തിരുവനന്തപുരം: കെ കെ രമക്കെതിരായ എം എം മണിയുടെ പരാമര്‍ശത്തെ നിയമസഭയിൽ ശക്തമായ ഭാഷയില്‍ തള്ളിക്കള്ളഞ്ഞ സ്പീക്കര്‍ എം ബി രാജേഷിന്‍റെ റൂളിംഗിനെ അഭിനന്ദിച്ച് സി പി ഐ നേതാവ് ബിനോയ് വിശ്വം രംഗത്ത്. വളരുന്ന സമൂഹത്തിലെ സംവാദങ്ങൾക്ക് അതിലെ ശൈലിയും ഭാഷയുമാണ് നിർണായകമെന്നും സ്പീക്കർ എം ബി രാജേഷിന്‍റെ റൂളിംഗ് അതിലേക്ക് വെളിച്ചം വീശുന്നതാണെന്നും ബിനോയ് വിശ്വം ഫേസ്ബുക്കിൽ കുറിച്ചു. വിയോജിക്കുന്നവരെ അസഭ്യത്തിൽ കുളിപ്പിക്കുന്നവർ സ്വന്തം പക്ഷത്തിന്‍റെ രക്ഷകന്മാരാണെന്നത് തോന്നൽ മാത്രമാണെന്നും സത്യം നേരെ മറിച്ചാണെന്നും സി പി ഐ നേതാവ് ചൂണ്ടികാട്ടി.
ബിനോയ് വിശ്വത്തിന്‍റെ വാക്കുകൾ
വളരുന്ന സമൂഹത്തിൽ സംവാദങ്ങൾ ഉണ്ടാകും. അതിലെ ശൈലിയും ഭാഷയുമാണ് നിർണായകം. സ്പീക്കർ എം ബി രാജേഷിന്‍റെ റൂളിംഗ് അതിലേക്ക് വെളിച്ചം വീശുന്നു. വിയോജിക്കുന്നവരെ അസഭ്യത്തിൽ കുളിപ്പിക്കുന്നവർ സ്വന്തം പക്ഷത്തിന്‍റെ രക്ഷകന്മാരാണെന്നത് തോന്നൽ മാത്രമാണ്. സത്യം നേരെ മറിച്ചാണ്.
സ്പീക്കർ എം ബി രാജേഷ് നിയമസഭയിൽ നടത്തിയ റൂളിംഗ്
സഭയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതെന്ന് പൊതുവില്‍ അംഗീകരിച്ചിട്ടുള്ള ചില വാക്കുകളുണ്ട്. അണ്‍പാര്‍ലമെന്‍ററി ആയ അത്തരം വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കിലും ചില വാക്കുകള്‍ അനുചിതവും അസ്വീകാര്യവും ആകാം. മുമ്പ് സാധാരണമായി ഉപയോഗിച്ചിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും തന്നെ ഇന്നത്തെകാലത്ത് ഉപയോഗിക്കാന്‍ പാടില്ലാത്തവയായി കണക്കാക്കുന്നുണ്ട്. വാക്കുകളുടെ വേരും അര്‍ത്ഥവും അതിന്‍റെ സാമൂഹിക സാഹചര്യത്തിലാണ്. ഒരേ വാക്കിന് തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അര്‍ത്ഥമാകണമെന്നില്ല. വാക്കുകള്‍ അതത് കാലത്തിന്‍റെ മൂല്യബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഫ്യൂഡല്‍ മൂല്യബോധത്തെ പ്രതിനിധീകരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആധുനിക ജനാധിപത്യ ലോകത്തിന്‍റെ മൂല്യബോധത്തിന് വിരുഗദ്ധമായിരിക്കും. അതുകൊണ്ടാണ് നേരത്തെ സാര്‍വത്രികമായി പ്രയോഗിച്ചിരുന്ന പഴഞ്ചൊല്ലുകള്‍, തമാശകള്‍, പ്രാദേശിക വായ്മൊഴികള്‍ എന്നിവ ഇന്ന് ഉപയോഗിച്ച് കൂടാത്തതുമാകുന്നത്.
എം എം മണിയുടെ പരാമര്‍ശം സ്പീക്കര്‍ തള്ളി, മുഖ്യമന്ത്രി വെട്ടിലായോ; ഇനി നീക്കം എന്ത്?
മനുഷ്യരുടെ നിറം, ശാരീരിക പ്രത്യേകതകള്‍, ചെയ്യുന്ന തൊഴില്‍, പരിമിതകള്‍, കുടുംബ പശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകള്‍, ജീവിതാവസ്തകള്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള പരിഹാസ പരാമര്‍ശങ്ങള്‍, ആണത്തഘോഷണങ്ങള്‍ എന്നിവയെല്ലാം ആധുനിക ലോകത്ത് അപരിഷ്കൃതമായിട്ടാണ് കണക്കാക്കുന്നത്. അവയെല്ലാം സാമൂഹിക വളര്‍ച്ചയ്ക്കും ജനാധിപത്യബോധത്തിന്‍റെ വികാസത്തിനും അനുസരിച്ച് ഉപേക്ഷിക്കപ്പേടേണ്ടതാണെന്ന അവബോധം സമൂഹത്തിലാകെ വളര്‍ന്നുവരുന്നുണ്ട്. സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ററുകള്‍, അംഗപരിമിതിര്‍, പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ എന്നിവരെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പ്രത്യേകിച്ചും ഈ പരിഗണന പ്രധാനമാണ്. എന്നാല്‍ ജനപ്രതിനിധികളില്‍ പലര്‍ക്കും ഈ മാറ്റം വേണ്ടത്ര മനസിലാക്കാനായിട്ടില്ല.
ഇക്കാര്യങ്ങളെല്ലാം മുമ്പില്ലാത്തവിധം സാമൂഹിക ഓഡിറ്റിങ്ങിന് ഇന്ന് വിധേയമാകുന്നുണ്ട് എന്നും എല്ലാവരും ഓര്‍ക്കേണ്ടതാണ്. നമ്മുടെ സഭയ്ക്ക് ഇക്കാര്യത്തില്‍ കാലത്തിന്‍റെ മാറ്റം ഉള്‍ക്കൊള്ളാനാവണം. വാക്കുകള്‍ വിലക്കാനും നിരോധിക്കാനുമുളള ചെയറിന്‍റെ അധികാരം പ്രയോഗിച്ച് അടിച്ചേല്‍പ്പിക്കേണ്ടതാണ് ആ മാറ്റം എന്ന് കരുതുന്നില്ല. സ്വയം തിരുത്തലുകളും നവീകരണവും അംഗങ്ങളുടെ ഭാഗത്തുനിന്ന് നിരന്തരമായി ഉണ്ടാവുകയാണ് വേണ്ടത്. മുകളില്‍ പറഞ്ഞ കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തില്‍ വീക്ഷിക്കുമ്പോള്‍ മണിയുടെ പ്രസംഗത്തില്‍ തെറ്റായ ഒരു ആശയം അന്തര്‍ലീനമായിട്ടുണ്ട് എന്നുതന്നെയാണ് ചെയറിന്‍റെ അഭിപ്രായം.
രമയ്ക്ക് എതിരായ പ്രസംഗം തള്ളി സ്പീക്കർ; വിധി പരാമർശം പിൻവലിച്ച് എം എം മണി
അത് പുരോഗമനപരമായ മൂല്യബോധവുമായി ചേര്‍ന്ന് പോകുന്നതല്ല. ചെയര്‍ നേരത്തേ വ്യക്തമാക്കിയത് പോലെ പ്രത്യക്ഷത്തില്‍ അണ്‍പാര്‍ലമെന്‍ററിയായ പരാമര്‍ശങ്ങള്‍ ചെയര്‍ നേരിട്ട് നീക്കം ചെയ്യുന്നതും അല്ലാത്തവ അംഗം സ്വമേധയാ പിന്‍വലിക്കുകയും ചെയ്യുക എന്നതുമാണ് നമ്മുടെ നടപടിക്രമം. ഏതാനും ദിവസം മുമ്പ് നമ്മുടെ സഭയില്‍ത്തന്നെ ശ്രീ. എം. വിന്‍സെന്‍റ് നടത്തിയ ഒരു ഉപമയെ സംബന്ധിച്ച് ശ്രീമതി കാനത്തില്‍ ജമീല ക്രമപ്രശ്നം ഉന്നയിച്ചതിനെ തുടര്‍ന്ന് ശ്രീ. വിന്‍സെന്‍റ് സ്വയം അതു പിന്‍വലിച്ച അനുഭവമുണ്ട്. മണിയും ചെയറിന്‍റെ നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ അനുചിതമായ പ്രയോഗം പിന്‍വലിക്കുമെന്ന് ചെയര്‍ പ്രതീക്ഷിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam