
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്‍റെ തിരിച്ചടിയിൽ വിമര്‍ശനവുമായി സിപിഐ നേതാവ് കെകെ ശിവരാമൻ. ഇനിയെങ്കിലും കാര്യങ്ങൾ മനസിലാക്കാൻ ഇടതുപക്ഷത്തിന് കഴിയണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം. ജനങ്ങളുടെ യജമാനന്മാരാണ് എന്നാണ് പല നേതാക്കളുടെയും ധാരണ. പ്രവര്‍ത്തിയും വാക്കും തമ്മിൽ പൊരുത്തം ഉണ്ടാകണം. പാറ - മണ്ണ് - കയ്യേറ്റ മാഫിയയുടെ കൂട്ടുകാരെ ജനം തിരിച്ചറിഞ്ഞുവെന്നും കെകെ ശിവരാമൻ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം പഠിക്കാൻ ഇടുക്കിയിൽ ഇടതുപക്ഷത്തിന് കഴിയണമെന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങിയത്. ഇടുക്കിയിൽ ഭൂപ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് എൽഡിഎഫ് പറയുമ്പോൾ അത് ജനങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിയണം. ഈ തെരഞ്ഞെടുപ്പ് ഫലം എന്നേക്കുമായി ഉള്ളതല്ലെന്നും ഇടതുപക്ഷം യാഥാർത്ഥ്യബോധത്തോടെ സ്വയം വിമർശനം നടത്തി തെറ്റുതിരുത്തി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്ജ്വലമായ വിജയം നേടാനാവുമെന്നും കെകെ ശിവരാമൻ ഫേസ്ബുക്കിൽ കുറിച്ചു.
തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം പഠിക്കാൻ ഇടുക്കിയിൽ ഇടതുപക്ഷത്തിന് കഴിയണം. ജനങ്ങളുടെ യജമാനന്മാരാണ് എന്നാണ് പലരുടെയും ധാരണ. വാക്കും പ്രവർത്തിയും തമ്മിൽ പൊരുത്തം ഉണ്ടാകണം. പലരും "പകലോപ്പമാരാണ്" പാറ, കോറി, മണ്ണ്, മണൽ ഭൂമി കയ്യേറ്റ മാഫിയകളുടെ ഉറ്റ തോഴന്മാരാകാൻ മത്സരിക്കുന്നവരും അനധികൃത ക്വാറി നടത്തിപ്പുകാരുമായ നേതാക്കളെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഇതെല്ലാം യുഡിഎഫിനോ ബിജെപിക്കോ ആവാം. അവരിൽനിന്ന് അതിലപ്പുറം ജനങ്ങൾ പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ പത്തു വർഷക്കാലത്തെ ഇടതു സർക്കാരിന്‍റെ ഭരണം കേരളത്തെ ഏറെ മുന്നോട്ടു കൊണ്ടുപോയി. സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തു. എന്നിട്ടും എന്തുകൊണ്ട് വോട്ടർമാർ മാറി വോട്ട് ചെയ്തു?. അപ്പം കൊണ്ട് മാത്രം ജനങ്ങൾ തൃപ്തരല്ല.
ശബരിമല സ്വർണ കൊള്ളക്കെതിരെ ശക്തമായി അന്വേഷണം നടക്കുന്നുണ്ട്. ബഹുമാനപ്പെട്ട ഹൈകോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. പക്ഷേ ജയിലിൽ കഴിയുന്നവരെ തള്ളിപ്പറയാനോ നടപടിയെടുക്കാനോ ബന്ധപ്പെട്ടവർ തയ്യാറാകാത്തത് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കി.തെരഞ്ഞെടുപ്പിൽ സംഘടന പ്രവർത്തനം വളരെ പ്രധാനമാണ്. ശക്തമായ പ്രവർത്തനം നടക്കണമെങ്കിൽ ശക്തമായ സംഘടന സംവിധാനം ഉണ്ടാവണം. അങ്ങനെ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം. ഇടുക്കിയിൽ ഭൂപ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് എൽഡിഎഫ് പറയുമ്പോൾ അത് ജനങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയണം. തീർച്ചയായും ഈ തെരഞ്ഞെടുപ്പ് ഫലം എന്നേക്കുമായി ഉള്ളതല്ല ഇടതുപക്ഷം യാഥാർത്ഥ്യബോധത്തോടെ സ്വയം വിമർശനം നടത്തി തെറ്റുതിരുത്തി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വലമായ വിജയം നേടാനാവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam