കളക്ടറെ മാറ്റിയില്ല; റവന്യു മന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ച് സിപിഐ നേതാക്കള്‍

By Web TeamFirst Published Jul 12, 2019, 8:11 AM IST
Highlights

ആറു മാസമായി കോഴിക്കോട് ജില്ലയില്‍ പുതിയ പട്ടയം അനുവദിച്ചിട്ടില്ല, സബ് കളക്ടര്‍മാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നു, 
വടകര ആര്‍ഡിഒയ്ക്ക് അനുവദിച്ച വാഹനം പുതിയതായെത്തിയ ഐഎഎസ് ഓഫീസര്‍ക്ക് നല്‍കി തുടങ്ങിയവയാണ്  കളക്ടര്‍ക്കെതിരായ സിപിഐയുടെ പരാതികള്‍. 

കോഴിക്കോട്: ജില്ലാ കളക്ടറെ മാറ്റണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം നടപ്പാക്കാത്തതിന് റവന്യു മന്ത്രിയുടെ പരിപാടിയില്‍ നിന്ന് സിപിഐ നേതാക്കള്‍ വിട്ടു നിന്നു. കോഴിക്കോട് ജില്ലയിലെ സിപിഐ നേതാക്കളാണ് മന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ ബഹിഷ്കരിച്ചത്. പാര്‍ട്ടി  നേതൃത്വത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ കളക്ടര്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്നാണ് സിപിഐയുടെ പരാതി. 

കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവുവുമായി സിപിഐ ജില്ലാ നേതാക്കള്‍ ഏറെ നാളായി അകല്‍ച്ചയിലാണ്. കളക്ടര്‍ സ്വന്തം നിലയില്‍ മാത്രം കാര്യങ്ങള്‍ നടത്തുന്നു എന്നതാണ് പാര്‍ട്ടിയുടെ പ്രധാന പരാതി. കളക്ടറെ മാറ്റണം എന്ന് കാര്യകാരണ സഹിതം ആവശ്യപ്പെട്ടിട്ടും റവന്യു മന്ത്രി പ്രതികരിക്കാത്ത സാഹചര്യത്തിലാണ് സിപിഐ ജില്ലാ നേതൃത്വം കടുത്ത തീരുമാനത്തിലേക്ക് കടന്നത്. 

കോഴിക്കോട് കളക്ടറേറ്റില്‍ ഭവനനിര്‍മാണ ബോര്‍ഡിന്‍റെ പരിപാടിയടക്കം ജില്ലയില്‍ ഇചന്ദ്രശേഖരന്‍ പങ്കെടുത്ത എല്ലാ പരിപാടികളില്‍ നിന്നും ജനപ്രതിനിധികള്‍ ഒഴികെയുളള ജില്ലാ നേതാക്കള്‍ വിട്ടു നിന്നു. സര്‍ക്കാരിന്‍റെ നയം നടപ്പാക്കുന്നതടക്കമുളള കാര്യങ്ങളില്‍ കളക്ടര്‍ വീഴ്ച വരുത്തുന്നുവെന്നാണ് സിപിഐയുടെ പരാതി. 

ആറു മാസമായി കോഴിക്കോട് ജില്ലയില്‍ പുതിയ പട്ടയം അനുവദിച്ചിട്ടില്ല. സബ് കളക്ടര്‍മാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നു. 
വടകര ആര്‍ഡിഒയ്ക്ക് അനുവദിച്ച വാഹനം പുതിയതായെത്തിയ ഐഎഎസ് ഓഫീസര്‍ക്ക് നല്‍കി തുടങ്ങിയ പരാതികളും കളക്ടര്‍ക്കെതിരെ സിപിഐ ഉന്നയിക്കുന്നു.

പാര്‍ട്ട്  ടൈം സ്വീപ്പര്‍മാരുടെ നിയമനങ്ങളില്‍ പാര്‍ട്ടി  നിര്‍ദ്ദേശം അവഗണിച്ച് നിയമനം നടത്തിയതാണ് ഏറ്റവും ഒടുവിലുളള പ്രകോപനത്തിന് കാരണം. നിയമന സമിതിയിലുളളവരെ കളക്ടര്‍ തെരഞ്ഞെടുത്തത് മറ്റുചില സംഘടനകളുടെ നിര്‍ദ്ദേശമനുസരിച്ചെന്ന് സിപിഐ നേതാക്കള്‍ ആരോപിക്കുന്നു.

പൊതുതെരഞ്ഞെടുപ്പിലെ തിരിച്ചടി കൂടി കണക്കിലെടുത്ത് ജനങ്ങള്‍ക്ക് വേഗത്തില്‍ സേവനമെത്തിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥരെ വേണം നിയമിക്കാനെന്ന് സിപിഐ പറയുന്നു. കളക്ടറുടെ കാര്യത്തില്‍ റവന്യു വകുപ്പ് നിലപാട് മാറ്റാത്ത പക്ഷം പ്രതിഷേധം തുടരാന്‍ തന്നെയാണ് സിപിഐ ജില്ലാ നേതൃത്വത്തിന്‍റെ  തീരുമാനം. 

click me!