രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കണമെന്നും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് വിലക്കണമെന്നുമാവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബൈയാണ് സഭയിൽ നോട്ടീസ് നല്‍കിയത്.

ദില്ലി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ്. പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കണമെന്നും, തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് വിലക്കണമെന്നുമാവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബൈയാണ് സഭയിൽ നോട്ടീസ് നല്‍കിയത്. ഭീഷണി വിലപ്പോവില്ലെന്നും, രാഹുല്‍ ഗാന്ധിക്കെതിരെ എത്രയോ കേസുകള്‍ വന്നിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ഇതിനിടെ തന്നെ നീക്കാനുള്ള പ്രതിപക്ഷത്തിന്‍റെ നോട്ടീസ് പരിഗണിക്കണമെന്ന് സ്പീക്കര്‍ ഓംബിര്‍ല ആവര്‍ത്തിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ബജറ്റ് ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അതി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയ രാഹുല്‍ ഗാന്ധിയെ പൂട്ടാന്‍ ഭരണപക്ഷം. അവകാശ ലംഘന നോട്ടീസ് നല്‍കാനായിരുന്നു നീക്കമെങ്കിലും പാര്‍ലമെന്‍റ് അംഗത്വം റദ്ദ് ചെയ്യാനും, തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നുമാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബജറ്റ് ചര്‍ച്ചയില്‍ തെളിവുകളുൊന്നുമില്ലാതെ അടിസ്ഥാന രഹിത മായ ആരോപണങ്ങള്‍ ഉന്നയിച്ചു. മുന്‍ കൂട്ടി അറിയിക്കാതെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിക്കെതിരെ എപ്സ്റ്റീന്‍ ഫയല്‍ ആരോപണം ഉയര്‍ത്തി തുടങ്ങിയവയാണ് ആക്ഷേപം. ജോര്‍ജ് സോറോസിനെ പോലെയുള്ള ഇന്ത്യ വിരുദ്ധ ശക്തികളുമായി ചേര്‍ന്ന് രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ദുരൂഹമായ യാത്രകള്‍ നടത്തുന്നുവെന്നും നോട്ടീസില്‍ ആരോപിക്കുന്നു. ആജീവനാന്ത വിലക്കാണ് ആവശ്യപ്പെടുന്നതെന്ന് നോട്ടീസ് നല്‍കിയ നിഷികാന്ത് ദുബൈ എംപി വ്യക്തമാക്കി. അതേസമയം, ഒരു ഭീഷണിക്കും രാഹുല്‍ വഴങ്ങില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് സ്പീക്കര്‍ ഓം ബിർളക്കെതിരെ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്കെതിരായ ഭരണപക്ഷ നീക്കം. സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി നോട്ടീസ് തള്ളാന്‍ ലോക്സഭ സെക്രട്ടറിയേറ്റ് നീക്കം നടത്തുമ്പോള്‍, അത് പരിഗണിക്കണമെന്നാണ് ഓം ബിർള ആവശ്യപ്പെടുന്നത്. നോട്ടീസ് പരിഗണിച്ചാല്‍ ബജറ്റ് സമ്മേളനത്തിന്‍റെ അടുത്ത ഘട്ടമായ മാര്‍ച്ചില്‍ പ്രമേയം ചര്‍ച്ചക്കെടുക്കും. പാര്‍ലമെന്റിലെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഭരണ പക്ഷ എംപിമാര്ഡക്കെതിരെ പ്രതിപക്ഷം നടപടി ആവശ്യപ്പെടുന്നതിനിടെ സ്പീക്കറുടെ ചേംബറില്‍ വച്ച് കോണ്‍ഗ്രസ് എംപി പകര്‍ത്തിയ ദൃശ്യങ്ങള്‍ പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജു പുറത്തുവിട്ടു. സ്പീക്കറോട് തട്ടിക്കയറുന്ന പ്രതിപക്ഷ അംഗങ്ങളുടെ നിലപാടിനെയും മന്ത്രി ചോദ്യം ചെയ്യുന്നു.

YouTube video player