
തിരുവനനന്തപുരം: സിപിഐയുടെ നിർണ്ണായക നേതൃയോഗം ഇന്ന്. അനാരോഗ്യത്തെ തുടർന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി നൽകണമെന്ന കാനം രാജേന്ദ്രന്റെ ആവശ്യത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് തുടർ തീരുമാനം എടുക്കും. കാനത്തിന് പകരം പാർട്ടിയെ നയിക്കാൻ ആരെത്തും എന്നതിലാണ് എക്സിക്യൂട്ടിവ് യോഗത്തിന്റെ ആകാംക്ഷ അത്രയും.
അനാരോഗ്യത്തെ തുടർന്ന് മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടാണ് കാനം പാർട്ടിക്ക് കത്ത് നൽകിയത്. പ്രമേഹത്തെ തുടർന്ന് വലതുകാൽപാദം മുറിച്ചുമാറ്റിയ കാനം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും തുടര്‍ചികിത്സകൾ പൂര്‍ത്തിയാക്കാൻ സമയം വേണ്ടിവരും. ലോക്സഭാ തെരഞ്ഞെടുപ്പ് വരികയാണ്. നിർണ്ണായക തീരുമാനങ്ങളെടുക്കേണ്ട സമയം കൂടി ആയതിനാൽ അവധിയിൽ പോകുന്ന കാനത്തിന് പകരം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ആളുവേണം.
അസിസ്റ്റൻറ് സെക്രട്ടറിമാരായ ഈ ചന്ദ്രശേഖരൻ. പി പി സുനീർ, ദേശീയ നിർവാഹ സമിതി അംഗം കെ പ്രകാശ് ബാബു എന്നിവരിൽ ആരെങ്കിലും ആക്ടിംഗ് സെക്രട്ടറി സ്ഥാനത്തെത്തിയേക്കും. ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന്റെ പേരുകൂടി ഉണ്ടെങ്കിലും ലോക്സഭാ സ്ഥാനാർത്ഥി സാധ്യത കൂടി കണക്കിലെടുത്താകും തീരുമാനം. ആരെങ്കിലും ഒരാളെ പരിഗണിക്കുന്നതിന് പകരം പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് കൂട്ടായ ഉത്തരവാദിത്വം നൽകുന്നതിനും സാധ്യതയേറെയാണ്. ഇക്കാര്യത്തിൽ കാനത്തിന്റെ നിലപാട് തന്നെയാകും അവസാന വാക്ക്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam