
തൃശ്ശൂർ: സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സിപിഐ വിട്ട നാട്ടിക എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ സി.സി മുകുന്ദൻ കോൺഗ്രസുമായി ചർച്ച നടത്തി. മുൻ ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂരുമായാണ് കൂടിക്കാഴ്ച നടത്തിയത്. സിപിഐയിൽ നിന്നും രാജിവെച്ചതിന് പിന്നാലെയാണ് കോൺഗ്രസുമായുള്ള കൂടിക്കാഴ്ച. എംഎൽഎയുടെ ക്യാമ്പ് ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. നാട്ടികയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സിസി മുകുന്ദന് പിന്തുണ നൽകുന്നതിൽ കെപിസിസി നേതൃത്വം തീരുമാനമെടുക്കുമെന്ന് ജോസ് വള്ളൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.
സിപിഐയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി മുകുന്ദൻ അറിയിച്ചെന്നും, സീറ്റ് നിഷേധിച്ചത് എന്തിന്റെ പേരിലാണെന്നതിൽ വ്യക്തതയില്ലെന്നും ജോസ് വള്ളൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. സീറ്റില്ലെന്ന് പറഞ്ഞ് നേതാക്കളാരും വിളിച്ചില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
സ്ഥാനാർഥി നിർണയത്തിലെ പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്നാണ് സി.സി. മുകുന്ദൻ പാർട്ടിവിട്ടത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. തന്നെ മാറ്റി ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കാൻ പറ്റില്ലെന്ന് മുകുന്ദൻ ആദ്യം മുതലേ വ്യക്തമാക്കിയിരുന്നു. ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കുമെന്ന് പാർട്ടി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജിവെച്ചത്.
മണ്ഡലത്തിൽ പാർട്ടി നടത്തുന്ന പ്രവർത്തനങ്ങളിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും മുകുന്ദൻ അതൃപ്തനായിരുന്നു. നാട്ടികയിലെ സാധാരണക്കാരായ പാർട്ടി പ്രവർത്തകർ തനിക്കൊപ്പമുണ്ടെന്നും ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാട്ടികയിൽ ഗീതാഗോപിയെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെയാണ് സിപിഐയില്‍ പൊട്ടിത്തെറിയുണ്ടായത്. പണം പിരിക്കാന്‍ ശേഷിയുള്ളതാണ് ഗീതാ ഗോപിയുടെ മാനദണ്ഡമെന്നായിരുന്നു നാട്ടിക എംഎല്‍എ സി.സി. മുകുന്ദന്‍റെ പ്രതികരണം. എന്നാൽ ആരോപണത്തോട് പ്രതികരിക്കാതെ ഗീതാഗോപി ഒഴിഞ്ഞുമാറി. മുകുന്ദനെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഐ തുടങ്ങിയെങ്കിലും മത്സരിക്കുമെന്ന് ഉറച്ച് നിൽക്കുകയാണ് മുകുന്ദൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam