ലോകയുക്ത നിയമ ഭേദഗതി; എതിർപ്പ് ഉന്നയിച്ച് സിപിഐ, മന്ത്രിസഭയിൽ ഭിന്നത

Published : Aug 16, 2022, 10:48 AM ISTUpdated : Aug 16, 2022, 12:42 PM IST
ലോകയുക്ത നിയമ ഭേദഗതി; എതിർപ്പ് ഉന്നയിച്ച് സിപിഐ, മന്ത്രിസഭയിൽ ഭിന്നത

Synopsis

ബില്ലിൽ മാറ്റം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു. സിപിഐ മന്ത്രിമാരായ കെ രാജനും പി പ്രസാദുമാണ് കാബിനറ്റിൽ എതിർപ്പ് ഉന്നയിച്ചത്. വിഷയത്തില്‍ ചർച്ച പിന്നീട് ആകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ബില്ലിൽ മന്ത്രിസഭാ യോഗത്തിൽ ഭിന്നത. നിലവിലെ ഭേദഗതിയോടെയുള്ള ബില്ലിനെതിരായ അംഗീകരിക്കാനാകില്ലെന്ന് സിപിഐ മന്ത്രിമാർ കാബിനറ്റിൽ അറിയിച്ചു. ബില്ലിൽ  ഇപ്പോൾ മാറ്റം വരുത്തിയാൽ നിയമ പ്രശ്നമുണ്ടാകുമെന്നും പിന്നീട് ചർച്ചയാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിൽ സഭയിൽ വരുമ്പോൾ ഭേദഗതി നിർദ്ദേശിക്കാനാണ് സിപിഐ നീക്കം. സിപിഐയുടെ ഭേദഗതി ഔഗ്യോഗിക ഭേദഗതിയായി പരിഗണിച്ച് സമവായ സാധ്യത തേടാനാണ് സിപിഎം ശ്രമം.

വിവാദ ലോകായുക്ത നിയമഭേദഗതിയിൽ വലിയ ചർച്ചയും തർക്കവുമാണ് ഇന്ന് മന്ത്രിസഭാ യോഗത്തിലുണ്ടായത്. ഗവർണ്ണർ ഒപ്പിടാത്തത് മൂലം അസാധവുമായ ഓ‌‍ർഡിനൻസിലെ അതേ വ്യവ്യസ്ഥകളോടെയുള്ള ബില്ലാണ് മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനക്കെത്തിയത്. ഇത് പറ്റില്ലെന്നും സിപിഐക്ക് ഭേദഗതിയിൽ ഭിന്ന നിലപാടുണ്ടെന്നും സിപിഐ മന്ത്രിമാരായ കെ രാജനും പി പ്രസാദും എതിർപ്പ് അറിയിച്ചു. അസാധുവായ ഓർഡിനൻസ് മുൻകാല പ്രാബല്യത്തോടെയാണ് ബില്ലാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. വ്യവസ്ഥ മാറിയാൽ മുൻകാല പ്രാബല്യം ഉണ്ടാകില്ലെന്നും നിയമക്കുരുക്കിന് കാരണമാകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബിൽ നിലവിലെ വ്യവസ്ഥയോടെ അവതരിപ്പിച്ച ശേഷം സിപിഐ ഉന്നയിക്കുന്ന ഭേദഗതി സർക്കാറിന്‍റെ ഔദ്യോഗിക ഭേദഗതിയായി പരിഗണിക്കാമെന്ന് നിയമമന്ത്രി ബദൽ നിർദ്ദേശം മുന്നോട്ട് വെച്ചു. വിശദമായ ചർച്ച വേണമെന്ന നിലപാട് സിപിഐ മന്ത്രിമാർ ആവർത്തിച്ചപ്പോൾ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍, നിയമഭേദഗതിയിൽ സിപിഐ ഉറച്ചുനിൽക്കുകയാണ്.

ലോകായുക്ത വിധിയെ ഗവർണ്ണർക്കോ മുഖ്യമന്ത്രിക്കോ സർക്കാറിനോ അപ്പീൽ പരിഗണിച്ച് തള്ളാമെന്നാണ് നിലവിലെ ഭേദഗതി. ഇതിന് പകരം അപ്പീലിന് സ്വതന്ത്ര സ്വഭാവമുള്ള ഉന്നതാധികാര സമിതി എന്നാണ് സിപിഐയുടെ ബദൽ. 22ന് സഭാ സമ്മേളനം ചേരും മുമ്പ് സിപിഐയുമായി ചർച്ച നടത്തി സമവായത്തിനാണ് സിപിഎം ശ്രമം. പക്ഷെ സിപിഐയുടെ ഭേദഗതി അതേ പടി സിപിഐ അംഗീകരിക്കുമോ മറ്റെന്തെങ്കിലും ഭേദഗതിക്കാവുമോ സാധ്യത എന്നാണ് ഇനി അറിയേണ്ടത്. ഭിന്നത പ്രതിപക്ഷം സഭയിലും പുറത്തും ആയുധമാക്കും. സിപിഐയെ അനുനയിപ്പിച്ചാലും പ്രശ്നം തീരില്ല, നിയമസഭ ബിൽ പാസ്സാക്കിയാലും പ്രാബല്യത്തിലാകാൻ ഗവർണ്ണർ ഒപ്പിടണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിവേദനം സമർപ്പിച്ചിട്ടും ഫലമില്ല; 'അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കുന്നു', ഇടുക്കി മെഡിക്കൽ കോളേജിൽ വീണ്ടും വിദ്യാർത്ഥി സമരം
'സതീശന് വട്ടാണ്, ഊളമ്പാറക്ക് അയക്കണം, ഈഴവ വിരോധി, സ്വീകരിക്കുന്നത് മുഖ്യമന്ത്രിയാകാനുള്ള അടവ് നയം'; രൂക്ഷ പരാമർശവുമായി വെള്ളാപ്പള്ളി