ഭൂപരിഷ്കരണ നിയമം; 'മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഭേദഗതി പറ്റില്ല', ഉടക്കിട്ട് സിപിഐ

Published : Mar 12, 2022, 11:40 AM ISTUpdated : Mar 12, 2022, 01:13 PM IST
ഭൂപരിഷ്കരണ നിയമം; 'മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഭേദഗതി പറ്റില്ല', ഉടക്കിട്ട് സിപിഐ

Synopsis

മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഭേദഗതി സാധ്യമല്ലെന്നും തോട്ടങ്ങളില്‍ ഇടവിള കൃഷിക്ക് ഇപ്പോള്‍ തന്നെ നിയമമുണ്ടെന്നും കാനം പറഞ്ഞു.  

തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമ ഭേദഗതി (Land Reform Amendment) നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ (CPI). തോട്ടങ്ങളില്‍ ഇടവിളകൃഷിക്കായി ഇപ്പോള്‍ തന്നെ മതിയായ നിയമമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഭൂപരിഷ്കരണ നിയമത്തില്‍ കാലാനുസൃതമായ മാറ്റം വേണമെന്ന് സിപിഎം വാദിക്കുമ്പോഴാണ് നിയമത്തില്‍ വെള്ളം ചേര്‍ക്കാനാകില്ലെന്ന് സിപിഐ ആവര്‍ത്തിച്ച് പറയുന്നത്.

പ്ലാന്‍റേഷന്‍ നിര്‍വചനത്തിന്‍റെ പരിധിയില്‍പ്പെടുന്ന റബ്ബര്‍, കാപ്പി, തേയില എന്നിവക്കൊപ്പം പുതിയ വിളകള്‍ കൂടി ചേര്‍ത്ത് പഴ വര്‍ഗ കൃഷികള്‍ ഉള്‍പ്പടെ തോട്ടത്തിന്‍റെ ഭാഗമാക്കി കൊണ്ടുള്ള കാലോചിത ഭേദഗതികള്‍ വേണമെന്നാണ് ധനമന്ത്രി ഇന്നലെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. പഴവര്‍ഗങ്ങള്‍ കൂടി ഇടവിളയായി കൃഷി ചെയ്യാന്‍ നേരത്തേ എല്‍ഡിഎഫ്  തീരുമാനിച്ചിരുന്നു. കൂടുതള്‍ വിളകളും കൃഷിയും ഉള്‍പ്പെടുത്തി തോട്ട പരിധി കുറച്ച് കൃഷി വ്യാപിപ്പിക്കാനുള്ള നീക്കമാണ് സിപിഎം പരിപാടി. പാര്‍ട്ടി നയരേഖക്കനുസരിച്ചുള്ള ഭേദഗതികള്‍ സിപിഎം നേതാക്കള്‍ പറഞ്ഞ് വരുന്നതിനിടെയാണ് തങ്ങളുടെ അഭിമാന പരിപാടിയായ ഭൂപരിഷ്കരണത്തില്‍ തൊട്ട് കളിക്കാനാകില്ലെന്ന് സിപിഐ പറയുന്നത്.

വി എസ് സുനില്‍കുമാര്‍ കൃഷിമന്ത്രിയായിരിക്കെ കൊണ്ടുവന്ന പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ അന്ന് റവന്യൂമന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഐ ചര്‍ച്ച ചെയ്ത് തള്ളിക്കളഞ്ഞതാണ്. തോട്ടങ്ങളില്‍ മറ്റ് ക‍ൃഷിയാകാമെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിന് കൃത്യമായ എണ്ണവും പരിധിയും വേണമെന്നാണ് സിപിഐയുടെ അഭിപ്രായം. കൂടുതള്‍ കൃഷിയിനങ്ങള്‍ ചേര്‍ത്ത് തോട്ടനിയമവും സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് കൂടുതല്‍ ഭൂമി കൊടുത്ത് വ്യവസായ നയവുമൊക്കെ പരിഷ്കരിക്കാന്‍ സിപിഎം ശ്രമിക്കുമ്പോഴാണ് സിപിഐ നേതൃത്വം ശക്തമായി എതിര്‍ക്കുമെന്ന സൂചന നല്‍കുന്നത്.

  • കൂടുതൽ വിളകളെ തോട്ടമെന്ന നിര്‍വചനത്തിൽ ഉൾപ്പെടുത്തും; തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ധനമന്ത്രി

തിരുവനന്തപുരം:  കൂടുതൽ വിളകളെ തോട്ടമെന്ന നിര്‍വചനത്തിന്‍റെ പരിധിയിൽ കൊണ്ടുവരുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ ഉറച്ച് നില്‍ക്കുന്നുവെന്ന് ധനമന്ത്രി. ഇത് ദുരുപയോഗം ചെയ്യാൻ അവസരമൊരുക്കുന്ന തരത്തിൽ നിയമഭേദഗതിയുണ്ടാകില്ല. തോട്ടം മുറിച്ചു വിൽക്കാനോ തരം മാറ്റാനോ അനുവദിക്കില്ലെന്നും ധനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നയംമാറ്റമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ലാഭകരമായി വിളകൾ കൃഷി ചെയ്യാൻ അന്തരീക്ഷം ഒരുക്കുക എന്നതാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറയുന്നു. ഏതെങ്കിലും വിഭാഗത്തിന് ദുരുപയോഗം ചെയ്യാൻ അവസരമൊരുക്കുന്ന തരത്തിൽ നിയമഭേദഗതിയുണ്ടാകില്ലെന്നാണ് ബാലഗോപാലിന്‍റെ ഉറപ്പ്.  തോട്ടങ്ങളില്‍ മറ്റ് കൃഷികളും, സ്വകാര്യവ്യവസായ പാര്‍ക്കുകള്‍ക്ക് കൂടുതല്‍ ഭൂമിയും അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഭൂപരിഷ്കരണ നിയമത്തില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്ന് ഇടതുനേതാക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നതിനിടയിലാണ് നിയമഭേദഗതിയെ കുറിച്ച് ബജറ്റും തുടര്‍ന്ന് മന്ത്രിമാരും നിലപാട് വ്യക്തമാക്കുന്നത്. തോട്ടങ്ങള്‍ നഷ്ടമാണെന്ന കൃഷിക്കാരുടെ ഏറെ നാളത്തെ പരാതിയാണ് മറ്റ് കൃഷികളനുവദിക്കാനുള്ള തീരുമാനത്തിലെത്തിയതെന്നാണ് വിശദീകരണം. 

ഉന്നത വിദ്യാഭ്യാസ മേഖലയിൽ നയംമാറ്റമില്ല മറിച്ച് കൂടുതൽ ഊന്നൽ നൽകുകയാണ് സർക്കാർ ചെയ്യുന്നതെന്നാണ് ധനമന്ത്രി പറയുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ഊന്നൽ നൽകണമെന്നത് നേരത്തെ തന്നെ എൽഡിഎഫ് നയമാണ്. അറിവ് ഉൽപ്പാദനത്തിലേക്ക് നയിക്കണം. പുതിയ കോഴ്സുകൾ വരണം. ക്യാമ്പസുകളിൽ കൂടുതൽ സൗകര്യങ്ങൾ വേണം. ഹോസ്റ്റലുകൾ അടക്കം കുറവാണ് ഇപ്പോൾ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വേണമെന്ന് നേരത്തെ തന്നെയുള്ള നയമാണ്. വിദ്യാഭ്യാസ മേഖലയിൽ നല്ലത് പോലെ പ്രവർത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമെന്നും ധനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രത്യേക ബജറ്റ് ചർച്ചയിൽ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം; പ്ലാന്‍റും കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു
Malayalam News Live: താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം; പ്ലാന്‍റും കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു