
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ (Congress) കൂട്ടത്തോൽവിക്ക് പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ (K C Venugopal) കണ്ണൂരിൽ പോസ്റ്റർ പ്രതിഷേധം. അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകൾ എന്ന വാചകങ്ങളോടെയാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. പോസ്റ്ററിന് പിന്നിൽ പാർട്ടി പ്രവർത്തകരാണെങ്കിൽ കർശന നടപടി എടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു .
കോൺഗ്രസിലെ നേതൃമാറ്റം ആവശ്യപ്പെട്ട് ജി 23 നേതാക്കൾ തുടങ്ങിവച്ച പ്രതിഷേധം താഴെതട്ടിലേക്കുമെത്തിയതിന്‍റെ സൂചനയാണ്, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിക്കെതിരെ ജന്മനാട്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ. ശ്രീകണ്ഠപുരം പാർട്ടി ഓഫീസിലും എരുവേശി ഐച്ചേരി പ്രദേശങ്ങളിലും പോസ്റ്ററുകൾ പതിപ്പിച്ചു. സംസ്ഥാനത്ത് തന്നെ കെസിയുടെ ഏറ്റവും വിശ്വസ്തനായ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫിന്റെ ഓഫീസിന് പരിസരത്തും പോസ്റ്ററുകൾ ഒട്ടിച്ചു. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകളെല്ലാം. ഇന്നലെ രാത്രിയിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ പരാജയത്തിന് പിന്നാലെ കണ്ണൂരിലെ പ്രദേശിക നേതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെയും കെസി വോണുഗോപാലിനെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. പോസ്റ്ററുകൾ രാവിലയോടെ പാർട്ടി പ്രവർത്തകർ നീക്കം ചെയ്തു.
പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്
എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പിച്ചാണ് പഞ്ചാബില്‍ എ എ പി അധികാരത്തിൽ എത്തുന്നത്. സംസ്ഥാനത്തെ സമസ്ത മേഖലകളിലും ആപ്പിൻ്റെ മുന്നേറ്റമാണ് കണ്ടത്. മൂന്ന് മേഖലകളിലും എ എ പി ഭൂരിപക്ഷ സീറ്റുകളും നേടി. ആപ്പിൻ്റെ തേരോട്ടത്തിൽ കോൺഗ്രസ് തകർന്ന് അടിഞ്ഞു. ശിരോമണി അകാലിദളും അപ്രസക്തമായി. മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റു. കോൺഗ്രസിൻ്റെയും ശിരോമണി അകാലിദളിൻ്റെയും പ്രമുഖ നേതാക്കളും അമരീന്ദ്ര സിങും പരാജയപ്പെട്ടു.
കോൺഗ്രസിൻ്റെയും ശിരോമണി അകാലിദളിൻ്റെയും പരമ്പരാഗത വോട്ടുകളിലും ആം ആദ്മി പാര്‍ട്ടി വിള്ളൽ വീഴ്ത്തി. എല്ലാ പാർട്ടികളിലെയും വലിയ നേതാക്കളെയും എ എ പി സ്ഥാനാർത്ഥികൾ തറപറ്റിച്ചു. മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ഛന്നിയെ ചാംകൂർ സാഹിബിലും ബദൗറിലും വീഴ്ത്തിയത് എ എ പി സ്ഥാനാർത്ഥികളാണ്. താര പോരാട്ടം നടന്ന അമൃത്സർ ഈസ്റ്റിൽ നവജ്യോത്സിങ്ങ് സിനെയും ബിക്രം മജീതിയയെയും തോൽപിച്ചത് സമൂഹിക പ്രവർത്തക ജീവൻ ജ്യോത് കൗറാണ്. ശിരോമണി അകാലിദൾ നേതാക്കളായ പ്രകാശ് സിങ്ങ് ബാദലും സുഖ്ബീർ സിങ് ബാദലിനും അടപതറിയത് എ എ പി യുടെ സാധാരണക്കാരായ സ്ഥാനാർത്ഥികളോടാണ്. കോൺഗ്രസ് വിട്ട് ബിജെപിക്കൊപ്പം മത്സരിച്ച ക്യാപ്റ്റൻ സിങ്ങിനും സ്വന്തം തട്ടകത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
ദളിത് വോട്ടുകൾ ലക്ഷ്യമിട്ട് ഛന്നിയെ മുൻനിർത്തി നടത്തിയ പരീക്ഷണവും കോൺഗ്രസിനെ തുണച്ചില്ല. പാർട്ടിയിലെ ഉൾപ്പോരും വടംവലിയും പ്രചാരണത്തിലെ ഏകോപനവും വീഴ്ച്ചകളായപ്പോൾ പഞ്ചാബിലെ ജനങ്ങൾ വികസനത്തിന് വോട്ട് ചോദിച്ച ആം ആദ്മി പാർട്ടിക്ക് വോട്ട് കുത്തി. ശിരോമണി അകാലിദളിന് സ്വന്തം ശക്തികേന്ദ്രങ്ങൾ കൂടിയാണ് ഈ തെരഞ്ഞെടുപ്പിൽ നഷ്ടമായത്. പ്രമുഖ നേതാക്കളുടെ തോൽവി അകാലിദളിൽ ഭിന്നസ്വരം ഉയരാൻ കാരണമാകും. മാത്സാ മേഖലയിലെ തോൽവി അകാലിദളിൻ്റെ രാഷ്ട്രീയ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. മത സമുദായിക ഘടകങ്ങൾക്കപ്പുറം പഞ്ചാബ് വോട്ട് നൽകി എന്നത് കൂടിയാണ് ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധയേമാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam