പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച പോലെ യുഎപിഎയും വേണ്ടെന്ന് വെക്കണം: മുഖ്യമന്ത്രിയോട് കാനം

By Web TeamFirst Published Dec 23, 2019, 7:42 AM IST
Highlights
  • പൗരത്വ ഭേദഗതിയിലില്ലാത്ത ഭരണഘടനാ ബാധ്യത യുഎപിഎയിൽ എന്തിനാണെന്ന് കാനം
  • യുഎപിഎ കാര്യത്തിൽ കേരളത്തിൽ മാത്രമായി ഇടതുപാർട്ടികളുടെ നിലപാടിൽ മാറ്റം വരുത്തേണ്ട കാര്യമില്ല

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച പോലെ, യുഎപിഎയും വേണ്ടെന്ന് വെക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതിയിലില്ലാത്ത ഭരണഘടനാ ബാധ്യത യുഎപിഎയിൽ എന്തിനാണെന്നും കാനം ചോദിച്ചു. പന്തീരാങ്കാവ് കേസിൽ പൊലീസ് പറയുന്നത് അവിശ്വസനീയമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

"നിയമത്തെ എതിർത്ത് എൻഡിഎയിലുള്ള മുഖ്യമന്ത്രിമാരടക്കം രംഗത്ത് വന്നിട്ടുണ്ട്.  പൗരത്വ ഭേദഗതി നിയമം പാർലമെന്റ് പാസാക്കിയതാണ്. സാങ്കേതികമായി പറഞ്ഞാൽ പാർലമെന്റ് പാസാക്കിയ നിയമത്തെ ലംഘിക്കുകയല്ലേ കേരള മുഖ്യമന്ത്രി ചെയ്യുന്നത്. പക്ഷെ അതൊരു രാഷ്ട്രീയമായ നിശ്ചയദാർഢ്യമാണ്. അത് യുഎപിഎ നടപ്പിലാക്കുമ്പോഴും ഇടതുപക്ഷത്തിന് ഉണ്ടാകണം."

"യുഎപിഎ കാര്യത്തിൽ കേരളത്തിൽ മാത്രമായി ഇടതുപാർട്ടികളുടെ നിലപാടിൽ മാറ്റം വരുത്തേണ്ട കാര്യമില്ല. സിപിഎമ്മിന്റെയും സിപിഐയുടെയും പാർട്ടി കോൺഗ്രസുകൾ അംഗീകരിച്ചിട്ടുള്ള കാര്യമാണിത്. ഏത് സാഹചര്യത്തിലാണ് കേരളത്തിലിത് മാറുന്നതെന്ന് അറിയില്ല. പന്തീരാങ്കാവ് കേസിൽ അവരുടെ വീട്ടിൽ നിന്ന് മൊബൈൽ ഫോൺ മാത്രമേ പിടിച്ചിട്ടുള്ളൂ. ഒന്നോ രണ്ടോ പുസ്തകങ്ങൾ പിടിച്ചാൽ കുറ്റക്കാരാവില്ല. കേരള പൊലീസ് പറഞ്ഞാൽ ആരും മാവോയിസ്റ്റാവില്ല. ആ കേസിന്റെ എഫ്ഐആർ ഞാൻ പരിശോധിച്ചതാണ്. തെളിവുകളില്ലാത്തൊരു കേസാണത്," എന്നും കാനം പറഞ്ഞു.

click me!