
തിരുവനന്തപുരം: ചേരി തിരിഞ്ഞുള്ള അഭിപ്രായ ഭിന്നതകൾക്കൊടുവിലാണ് രാജ്യസഭാ സീറ്റിലേക്ക് സിപിഐ സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. കെ പ്രകാശ് ബാബുവിനായി ഒരു വിഭാഗം വാദിച്ചെങ്കിലും ഒടുവിൽ ജയിച്ചത് പഴയ കാനം പക്ഷ നേതാക്കളുടെ കടുംപിടുത്തമാണ്. പിപി സുനീർ സ്ഥാനാർത്ഥിയാകട്ടെ എന്ന തീരുമാനം ബിനോയ് വിശ്വം നേരിട്ടാണ് നിർവ്വാഹക സമിതിക്ക് മുന്നിൽ വച്ചത്.
കെ പ്രകാശ് ബാബു, ആനി രാജ, പിപി സുനീർ- പേരുകൾ മുന്നെണ്ണമുണ്ടായിരുന്നു അഭ്യൂഹപ്പട്ടികയിൽ. നിർവ്വാഹക സമിതിയിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ച വന്നപ്പോൾ പിപി സുനീറിന്റെ പേര് മുന്നോട്ട് വച്ചത് ബിനോയ് വിശ്വമാണ്. തൊട്ടു പിന്നാലെ എതിർപ്പുയർന്നു. മുല്ലക്കര രത്നാകരൻ പ്രകാശ് ബാബു മതിയെന്ന് പറഞ്ഞപ്പോൾ അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ അതിനെ പിന്തുണച്ചു. കൂടുതൽ നേതാക്കൾ പ്രകാശ് ബാബു പക്ഷത്തേക്ക് അണിനിരന്നതോടെ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള നേതാവെന്ന പരിഗണന കൂടി പിപി സുനീറിനുണ്ടെന്നായി ബിനോയ് വിശ്വം. മാത്രമല്ല. കാനം സെക്രട്ടറിയായിരുന്നപ്പോൾ തന്നെ സുനീറിനെ രാജ്യസഭയിലേക്ക് അയക്കാൻ താരുമാനിച്ചിരുന്ന കാര്യം കൂടി ഓർമ്മിപ്പിച്ചതോടെ തർക്കങ്ങൾക്ക് പ്രസക്തിയില്ലാതായി.
ചർച്ച ഏറെ നടന്നിട്ടും അവകാശവാദങ്ങൾക്കോ അഭിപ്രായ പ്രകടനത്തിനോ പ്രകാശ് ബാബു മുതിർന്നതുമില്ല. സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പിലും കാനത്തിന്റെ ഇംഗിതമെന്ന നിലയിലായിരുന്നു ബ്നോയ് വിശ്വം അധികാരത്തിലെത്തിയത്. കാനം ഇല്ലാത്ത കാലത്തും പക്ഷം സജീവമെന്ന് ഓർമ്മിപ്പിക്കുന്നതാണ്സ രാജ്യസഭ സ്ഥാനാർത്ഥി നിർണ്ണയം.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam