ഭരണഘടനയുടെ സത്തയിൽ തൊട്ടുകളിക്കാമെന്ന് ആരും പ്രതീക്ഷിക്കണ്ട, ആമുഖം പൊളിച്ചെഴുതാനുള്ള ആർഎസ്എസ് അജണ്ട ചെറുക്കപ്പെടണമെന്നും ബിനോയ് വിശ്വം

Published : Jun 27, 2025, 04:36 PM IST
cpi

Synopsis

ഭരണഘടനയിൽ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങൾ നീക്കം ചെയ്യണമെന്ന ആർ‌എസ്‌എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുടെ പ്രസ്താവനയെ ബിനോയ് വിശ്വം വിമർശിച്ചു

തിരുവനന്തപുരം: ഭരണഘടന ആമുഖം പൊളിച്ചെഴുതാനുള്ള ആര്‍ എസ് എസ്സിന്റെ പുതിയ നീക്കത്തെ ചെറുക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേയുടെ പ്രസ്താവന ഇന്ത്യാ വിരുദ്ധവും ആര്‍ എസ് എസ് ചേര്‍ത്തുപിടിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഗവുമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവര്‍ അത് എന്നും പറഞ്ഞുകൊണ്ടേയിരിക്കുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൗലിക സത്തയായി രാജ്യം എന്നും കണ്ട മൂല്യങ്ങളാണ് മതേതരത്വവും സോഷ്യലിസവും. തുടക്കം മുതലേ ആര്‍ എസ് എസ് പറഞ്ഞിരുന്നത് അവയെല്ലാം പാശ്ചാത്യമാണെന്നും അതില്‍ ഇന്ത്യയുടേതായി ഒന്നുമില്ല എന്നുമാണ്. ആ വാദം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി പറയുന്നത് അവയൊന്നും ഭരണഘടനയില്‍ ആവശ്യമില്ലായെന്ന്. ഈ രാജ്യം കൃത്യമായി അതിനുത്തരം നല്‍കുന്നു. ഭരണഘടനയുടെ സത്തയില്‍ തൊട്ടുകളിക്കാമെന്ന് ആരും പ്രതീക്ഷിക്കണ്ട. ഇന്ത്യ, ഇന്ത്യയായി തുടരണമെങ്കില്‍ ഭരണഘടനയില്‍ പരമാധികാരം വേണം, മതേതരത്വം വേണം, സോഷ്യലിസം വേണം. അവയാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആണിക്കല്ല് എന്നും ബിനോയ് വിശ്വം പ്രസ്താവിച്ചു.

നേരത്തെ ആ‌ർ എസ് എസ് ജനറൽ സെക്രട്ടറി ദത്താ​ത്രേയ ഹൊസബലേയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസും രംഗത്തെത്തിയിരുന്നു. ആ‌ർ എസ് എസ് ഒരിക്കലും ഭരണഘടനയെ അം​ഗീകരിച്ചിട്ടില്ലെന്നും മനുസ്‌മൃതിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടല്ല ഭരണഘടന തയ്യാറാക്കിയതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. ജവഹർലാൽ നെഹ്റുവിനെയും ഡോ. ബി ആർ അംബേദ്‌കറെയും ആക്രമിക്കുകയാണ് ആർ എസ് എസ്. പുതിയ ഭരണഘടന കൊണ്ടുവരുമെന്ന ബി ജെ പിയുടെയും ആർ എസ് എസിന്റെയും നിരന്തരമായ പ്രചാരണത്തിന് ജനം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മറുപടി നൽകി. എന്നാൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ മാറ്റണമെന്ന ആവശ്യം ആർ എസ് എസ് ഇപ്പോഴും തുടരുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.

നേരത്തെ ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ ആവശ്യമുണ്ടോ എന്നാണ് ആ‌ർ എസ് എസ് ജനറൽ സെക്രട്ടറി ദത്താ​ത്രേയ ഹൊസബലേ ഒരു പരിപാടിക്കിടെ ചോദിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് ചേര്‍ത്ത പദങ്ങളാണിതെന്നും അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയില്‍ ഈ പദങ്ങളില്ല എന്നും ഹൊസബലേ പറഞ്ഞിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും