
തിരുവനന്തപുരം : സിപിഐയിലെ വിഭാഗീയ പ്രവർത്തനങ്ങൾക്ക് സമ്മേളനത്തിന് മുമ്പേ താക്കീതുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിഭാഗീയതയും വ്യക്തി കേന്ദ്രീകരണ രീതിയും സിപിഐയിലില്ലെന്നും അത്തരത്തിൽ ആരെങ്കിലും പ്രവർത്തിച്ചാൽ അവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്നും കാനം മുന്നറിയിപ്പ് നൽകി. മുൻകാല ചരിത്രം ഇത് ബോധ്യപ്പെടുത്തുന്നുണ്ടെന്നും കാനം ഓർമ്മിപ്പിച്ചു.പാർട്ടി മുഖ മാസികയിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ ഇതിന് പിന്നാലെ സിപിഐയുടെ കൊടിമര കൈമാറ്റ ചടങ്ങ് കെ.ഇ. ഇസ്മയിലും സി ദിവാകരനും ബഹിഷ്ക്കരിച്ചു.
വിഭാഗീയത രൂക്ഷമായ സാഹചര്യത്തിലാണ് കാനം നിലപാട് വ്യക്തമാക്കിയത്. പാർട്ടിയുടെ വ്യക്തിത്വം സംരക്ഷിച്ച്
തന്നെയാണ് മുന്നോട്ട് പോകുന്നത്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുന്നണിയിൽ ഉന്നയിക്കുന്നതിൽ വിട്ടുവീഴ്ച കാണിച്ചിട്ടില്ല. ഉന്നയിക്കേണ്ട കാര്യങ്ങൾ മുന്നണിയിൽ കൃത്യമായ രീതിയിൽ പറയും. ചിലപ്പോൾ പരസ്യ പ്രതികരണത്തിനും മടിച്ചിട്ടില്ല. അഭിപ്രായങ്ങൾ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്ന രീതി സിപിഐക്കില്ല. എപ്പോഴും മാധ്യമങ്ങൾക്ക് വാർത്ത ചമച്ച് കൊടുത്ത് മുന്നണിയുടെ വിശ്വാസം തകർക്കാനുമാവില്ല. പാർട്ടിയിൽ ഗ്രൂപ്പുണ്ടെന്ന മാധ്യമ പ്രചാര വേല തെറ്റാണെന്നും കാനം ലേഖനത്തിലെഴുതി.
എന്നാൽ ഇതിന് പിന്നാലെ സിപിഐയുടെ കൊടിമര കൈമാറ്റ ചടങ്ങ് മുതിർന്ന നേതാക്കളായ കെ.ഇ. ഇസ്മയിലും സി ദിവാകരനും ബഹിഷ്ക്കരിച്ചു. നെയ്യാറ്റിൻകരയിൽ നടക്കുന്ന ചടങ്ങിൽ ഇരുവരും പങ്കെടുക്കുന്നില്ല. കൊടിമരം ജാഥ ക്യാപ്റ്റന് കൈമാറേണ്ടത് ഇസ്മയിലായിരുന്നു. ഇസ്മയിൽ വിട്ടു നിന്നതോടെ കൊടി മരം മന്ത്രി ജി. ആർ അനിലാണ് കൈമാറിയത്. ജില്ലയുടെ ചുമതലയുള്ള നിർവാഹക സമിതിയംഗമാണ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സി ദിവാകരൻ. കാനം വിരുദ്ധ പക്ഷമായ ഇരുവരും നടത്തുന്ന പരസ്യ വിമർശനം സിപിഐക്ക് വലിയ തലവേദനാണ് സൃഷ്ടിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam