'നടപടിയില്ല, മൃദു സമീപനം' സംസ്ഥാന സർക്കാർ പോപ്പുലർ ഫ്രണ്ടിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

By Web TeamFirst Published Sep 29, 2022, 7:25 PM IST
Highlights

ഭരണഘടനയല്ല, സിപിഎം ഫ്രാക്ഷൻ അനുസരിച്ചാണ് ഭരണകൂടം പ്രവർത്തിക്കുന്നത്, പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന സർക്കാർ  സംരക്ഷിക്കാൻ ശ്രമിക്കുന്നു

കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചിട്ടും സംസ്ഥാന സർക്കാർ പോപ്പുലർ ഫ്രണ്ടിനെതിരെ നടപടിയെടുക്കാതെ സംരക്ഷണം ഒരുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മറ്റ് സംസ്ഥാനങ്ങൾ നിരോധിക്കപ്പെട്ട രാജ്യദ്രോഹ സംഘടനക്കെതിരെ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സംസ്ഥാനത്തെ ഇടതുസർക്കാർ തണുപ്പൻ സമീപനം സ്വീകരിക്കുന്നത്.

പോപ്പുലർ ഫ്രണ്ടിനെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കരുതെന്നാണ് മുഖ്യമന്ത്രി ഉന്നതതല യോഗത്തിൽ പറഞ്ഞതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടിന്റെയും അവിഹിത സഖ്യത്തിന്റെയും പ്രത്യുപകാരമാണിതെന്ന് ഉറപ്പാണ്. നിയമപ്രകാരം മതി നടപടിയെന്നാണ് പിണറായി വിജയൻ പറയുന്നത്. രാജ്യത്തെ നിയമപ്രകാരമാണ് ദേശസുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. 

പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ റെയിഡ് നടത്താനോ പിടിച്ചെടുക്കാനോ സർക്കാർ തയ്യാറാവുന്നില്ല. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ലെന്ന സിപിഎം അഖിലേന്ത്യാ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടേയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും നിലപാടിനോട് ഇത് ചേർത്ത് വായിക്കേണ്ടതാണ്. 

സിപിഎമ്മിന്റെ ഈ നിലപാടിനൊപ്പമാണ് പിണറായി സർക്കാരുമെന്ന് വ്യക്തമായിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് മതഭീകരവാദികളാണെന്ന് പറഞ്ഞത് സിപിഎമ്മിന്റെ തന്നെ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്ച്യുതാനന്ദനായിരുന്നു. എന്നാൽ ഇന്ന് പിണറായി വിജയനിലെത്തുമ്പോൾ സിപിഎം പൂർണമായും മതഭീകരവാദികൾക്ക് കീഴടങ്ങിക്കഴിഞ്ഞു.

രാജ്യത്തെ ഭരണഘടന അനുസരിച്ചല്ല സിപിഎം ഫ്രാക്ഷൻ അനുസരിച്ചാണ് സംസ്ഥാന ഭരണകൂടം പ്രവർത്തിക്കുന്നതെന്നതിന്റെ പ്രത്യക്ഷ ഉദ്ദാഹരണമാണ് പോപ്പുലർ ഫ്രണ്ടിനെതിരായ മൃദു സമീപനമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു

Read more: കൂടുതൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ, പിഎഫ്ഐ കേന്ദ്രങ്ങളിൽ പരിശോധന തുടർന്ന് പൊലീസ്

അതേസമയം, പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ ഇടുക്കിയിൽ പ്രകടനം നടത്തിയവർക്കെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. ഇടുക്കി ബാലൻ പിള്ള സിറ്റിയിൽ പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ പ്രകടനം നടത്തിയ ഏഴ് പേർക്കെതിരെയാണ് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ചുമത്തുന്ന യുഎപിഎ ചാർജ്ജ് ചെയ്തിരിക്കുന്നത്. പ്രകടനം നടത്തിയ ഏഴ് പേരും ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. പ്രതികളെല്ലാം ക്യാംപസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നാണ് സൂചന. 

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന. പത്തനംതിട്ട കോന്നിയിൽ നാല് നേതാക്കളുടെ വീടുകളിൽ പരിശോധന നടന്നു. കണ്ണൂരിലും തൃശ്ശൂരിലും കൊല്ലത്തും അറസ്റ്റ് തുടരുകയാണ്.  നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളും ശക്തി കേന്ദ്രങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചത്തെ ഹർത്താലിൽ വ്യാപക അക്രമമുണ്ടാക്കിയതിന് പിടിയിലായവരുടെ വീടുകൾ കേന്ദ്രീകരിച്ചാണ് ഇന്ന് രാവിലെ മുതൽ പരിശോധന നടന്നത്. 

click me!