'അത് ഹർത്താലല്ല, ഒളിപ്പോര്'; ജനകീയ സമരങ്ങളെ നേരിടുന്ന പോലെ ഒളിപ്പോരിനെ നേരിടാനാകില്ലെന്ന് കാനം

By Web TeamFirst Published Sep 24, 2022, 4:05 PM IST
Highlights

ഹർത്താലിനെതിരെ പൊലീസ് ഇന്നലെ നല്ല ഇടപെടലാണ് നടത്തിയത്. ഹെൽമെറ്റ് വെച്ച് ബൈക്കിൽ കല്ലെറിഞ്ഞ് പോയാൽ എങ്ങനെ പിടിക്കാനാകുമെന്നും കാനം 

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഇന്നലെ ഹർത്താലിനിടെ നടത്തിയത് ഒളിപ്പോരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഹർത്താലിനെതിരെ പൊലീസ് ഇന്നലെ നല്ല ഇടപെടലാണ് നടത്തിയത്. ജനകീയ സമരങ്ങളെ നേരിടുന്ന പോലെ ഒളിപ്പോരിനെ നേരിടാനാകില്ല. ഹെൽമെറ്റ് വച്ച് ബൈക്കിൽ കല്ലെറിഞ്ഞ് പോയാൽ എങ്ങനെ പിടിക്കാനാകുമെന്നും കാനം ചോദിച്ചു. പെട്ടെന്ന് ഹർത്താൽ പ്രഖ്യാപിച്ചാൽ എങ്ങനെ പ്രൊട്ടക്ഷൻ കൊടുക്കും. ഇന്നലത്തെ അക്രമങ്ങളെ അപലപിക്കാൻ മാധ്യമങ്ങൾ തയ്യാറായില്ല. മാധ്യമ ചർച്ചയെ കുറിച്ച് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഇനി എന്നെക്കൊണ്ട് കൂടി പറയിപ്പിക്കണോ എന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് ചോദിച്ചു. 

'പാർട്ടി ഭരണഘടന പറയുന്നത് മൂന്ന് ടേം ആകാം എന്നാണ്'

ഒരിക്കൽ കൂടി സിപിഐ സംസ്ഥാന സെക്രട്ടറിയാകാനുള്ള സാധ്യത തള്ളാതെ കാനം രാജേന്ദ്രൻ. വീണ്ടും പാർട്ടി സെക്രട്ടറിയാകുമോ എന്ന ചോദ്യത്തിന്, പാർട്ടി ഭരണഘടന പറയുന്നത് മൂന്ന് ടേം ആകാം എന്നാണെന്ന് കാനം പറഞ്ഞു. രണ്ട് ടേം ആണ് താൻ പൂർത്തിയാക്കിയതെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. സമ്മേളനങ്ങളിലെ തെരഞ്ഞെടുപ്പിൽ ആശങ്കപ്പെടാനില്ല. മത്സരിക്കാനുള്ള അവകാശം പാർട്ടി ഭരണഘടനയിലുണ്ട്. അത് ചിലർ വിനിയോഗിക്കുകയാണ് ചെയ്തതെന്നും കാനം പറഞ്ഞു. പാർട്ടി സമ്മേളനങ്ങളിലെ മുഖ്യമന്ത്രിക്കെതിരായ വിമർശനം പാർട്ടിയുടെ അഭിപ്രായം അല്ല. ഏതെങ്കിലും ഒരാളുടെ അഭിപ്രായം സിപിഐയുടെ അഭിപ്രായമല്ല. മുന്നണിയെ ശക്തമായി മുന്നോട്ട് നയിക്കുകയാണ് സിപിഐയുടെ ലക്ഷ്യമെന്നും കാനം പറഞ്ഞു. 

സിപിഐ സംസ്ഥാന സമ്മേളനം സപ്തംബർ 30 മുതൽ ഒക്ടോബർ 3വരെ തിരുവനന്തപുരത്ത് നടക്കുമെന്നും കാനം കൂട്ടിച്ചേർത്തു. ഒക്ടോബർ 1ന് നടക്കുന്ന സെമിനാറിൽ തമിഴ‍്‍നാട്, കേരളാ മുഖ്യമന്ത്രിമാർ പങ്കെടുക്കും. പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടറി, ഡി.രാജ ഉദ്ഘാടനം ചെയ്യും. 563 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും കാനം പറഞ്ഞു. 

 

click me!