അഞ്ചലിലെ നി‍ർബന്ധിത പണപ്പിരിവ്; ആരോപണവിധേയനായ വാർഡ് മെമ്പറെ സിപിഐ സസ്പെൻഡ് ചെയ്തു

By Web TeamFirst Published Jan 2, 2020, 9:33 PM IST
Highlights

ഫണ്ട് വിവാദ ആരോപണം പാർട്ടിയുടെ സൽപ്പേരിനെ ബാധിച്ചതായി സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് വിലയിരുത്തി. ജനുവരി 15ന് മുമ്പ് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മൂന്നംഗ അന്വേഷണ സമതിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. 

കൊല്ലം: കൊല്ലം അഞ്ചലിൽ ക്ഷേമ പെൻഷനിൽ നിന്ന് നിർബന്ധിത പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിൽ വാർഡ് മെമ്പർ വർഗീസിനെ സിപിഐ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. മൂന്നംഗ സമിതിയെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനായി നിയോഗിച്ചു. ജനുവരി 15ന് മുമ്പ് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മൂന്നംഗ സമതിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. 

അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർ നടപടികൾ തീരുമാനിക്കുക. ഫണ്ട് വിവാദ ആരോപണം പാർട്ടിയുടെ സൽപ്പേരിനെ ബാധിച്ചതായി സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് വിലയിരുത്തി. അഞ്ചല്‍ പഞ്ചായത്ത് പത്താം വാര്‍ഡിലെ 25 ഓളം കിടപ്പ് രോഗികളില്‍ നിന്ന് സിപിഐ പാർട്ടി ഫണ്ടിലേക്കെന്ന പേരിൽ വർഗീസ് 100 രൂപ വീതം പിരിച്ചുവെന്നാണ് ആരോപണം.

പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് എന്ന് പറഞ്ഞാണ് 100 രൂപ പിരിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. പക്ഷാഘാതം വന്ന് അഞ്ച് വര്‍ഷമായി കിടപ്പിലായ അഞ്ചല്‍ സ്വദേശിനിയുടെ ബന്ധുവാണ് ആദ്യം പരാതി ഉന്നയിച്ചത്. സിപിഐ പ്രവര്‍ത്തന ഫണ്ടിന്‍റെ രസീതും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ ക്ഷേമപെന്‍ഷന്‍ എത്തിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ രോഗികളോ, ബന്ധുക്കളോ അടുത്തുള്ള അംഗന്‍വാടിയില്‍ എത്തി പണം കൈപ്പറ്റാനാണ് പഞ്ചായത്ത് അംഗം നിര്‍ദേശിച്ചത്. ഇത്തരത്തില്‍ പണം വാങ്ങാന്‍ എത്തിയവര്‍ക്കാണ് പെന്‍ഷനില്‍ നിന്നും 100 രൂപ എടുത്തശേഷം ബാക്കി തുക കൊടുത്തത്. 

click me!