മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിന്‍റെ ക്രമം മാറിയേക്കും; അന്തിമ തീരുമാനം നാളത്തെ യോഗത്തില്‍

By Web TeamFirst Published Jan 2, 2020, 7:01 PM IST
Highlights

നാളെ ചേരുന്ന ടെക്നിക്കല്‍ കമ്മിറ്റി യോഗത്തിലായിരിക്കും അന്തിമ തീരുമാനമുണ്ടാകുക. അതേസമയം മരട് ഫ്ലാറ്റ് പരിസരത്ത് നിരാഹാര സമരം തുടരുന്ന നാട്ടുകാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന്   മന്ത്രി എസി മൊയതീൻ അറിയിച്ചു.  

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന്‍റെ സമയക്രമം മാറ്റാൻ തത്വത്തിൽ ധാരണ. നാളെ ചേരുന്ന സാങ്കേതിക സമിതി യോഗത്തിലാകും അന്തിമതീരുമാനം. മന്ത്രി എ സി മൊയ്‍തീനുമായി പ്രദേശവാസികൾ നടത്തിയ യോഗത്തിലാണ് ധാരണ. ഗോൾഡൻ കായലോരം, ജെയ്ൻ കോറൽ എന്നീ ഫ്ലാറ്റുകൾ ആദ്യം പൊളിക്കുന്നതിനാണ് ധാരണായായിരിക്കുന്നത്. ഇവ പൊളിക്കുമ്പോഴുള്ള പാരിസ്ഥിതിക ആഘാതം വിലയിരുത്തി മാത്രം ജനവാസ കേന്ദ്രങ്ങളിലെ ഫ്ലാറ്റുകൾ പൊളിക്കുക എന്ന പരിസരവാസികളുടെ ആവശ്യമാണ് സർക്കാർ അംഗീകരിച്ചത്. സാങ്കേതിക സമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തതിന് ശേഷമേ പരിസരവാസികൾ നടത്തുന്ന നിരാഹാര സമരം പിൻവലിക്കൂ.

ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ പരിസരത്തെ വീടുകൾക്കുണ്ടാകുന്ന കേടുപാടുകൾക്ക് വിപണിമൂല്യത്തിനനുസരിച്ച് ഇൻഷുറൻസ് തുക അനുവദിക്കണമെന്നായിരുന്നു മറ്റൊരു ആവശ്യം. ഇക്കാര്യവും അനുഭാവപൂർവം പരിഹരിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി. സബ് കളക്ടര്‍, മരട് നഗരസഭ ചെയർപേഴ്‍സണ്‍, എന്നിവർക്കൊപ്പം സമരസമിതി അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു. ഫ്ലാറ്റ് പൊളിക്കാൻ ഒന്‍പത് ദിവസം മാത്രം ശേഷിക്കുന്ന സാഹചര്യത്തിലാണ് ജീവനും സ്വത്തിനും ഉറപ്പുനൽകണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ വീണ്ടും സർക്കാരിനെ സമീപിച്ചത്.

 

click me!