മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിർത്താൻ സിപിഐ; യുവനേതാക്കൾക്ക് പരിഗണന ?

By Web TeamFirst Published Jan 8, 2021, 7:18 AM IST
Highlights

സി.ദിവാകരൻ, മുല്ലക്കര രത്നാകരൻ, വി.എസ്.സുനിൽകുമാർ, ബിജിമോൾ, തിലോത്തമൻ, കെ.രാജു പാർട്ടിയിലെ പ്രമുഖരാണ് ഇക്കുറി മൂന്ന് ടേം പൂർത്തിയാക്കുന്നത്. പുതിയ നയം നടപ്പായാൽ ഇവരെയെല്ലാം പാർട്ടി മാറ്റിനിർത്തേണ്ടി വരും.

തിരുവനന്തപുരം: മൂന്ന് തവണ തുടർച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പട്ടവരെ മാറ്റി നിർത്താൻ സിപിഐ. യുവനേതാക്കൾക്ക് പരിഗണന നൽകാൻ ലക്ഷ്യമിട്ടുള്ള പ്രാരംഭ ചർച്ചകൾക്കാണ് സിപിഐ തുടക്കമിടുന്നത്. ജില്ലകളിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രശ്നങ്ങളും ചർച്ചകളിലേക്ക് കടക്കുമ്പോൾ സിപിഐക്ക് തലവേദനയാണ്. 

നിയമസഭയിൽ ഹാട്രിക്ക് തികച്ചവർ എത്ര വമ്പനായാലും ഇത്തവണ സാധ്യതകളടയും എന്ന സൂചനകളാണ് സിപിഐയിൽ ഉയരുന്നത്. സി.ദിവാകരൻ, മുല്ലക്കര രത്നാകരൻ, വി.എസ്.സുനിൽകുമാർ, ബിജിമോൾ, തിലോത്തമൻ, കെ.രാജു പാർട്ടിയിലെ പ്രമുഖരാണ് മൂന്ന് ടേം പൂർത്തിയാക്കുന്നത്. പുതിയ നയം നടപ്പായാൽ ഇവരെയെല്ലാം പാർട്ടി മാറ്റിനിർത്തേണ്ടി വരും.

നെടുമങ്ങാടും,തൃശൂരും നിലവിലെ സ്ഥാനാർത്ഥികളെ മാറ്റി പരീക്ഷിച്ചാൽ കൈപൊള്ളുമോ എന്ന സംശയം പാർട്ടിക്കുണ്ട്. എന്നാൽ പൊതുനയം വന്നാൽ ഇവരുടെ കാര്യത്തിലും വേർതിരിവുണ്ടാകില്ല. ഇ.ചന്ദ്രശേഖരൻ,ജയലാൽ അടക്കം രണ്ട് ടേം പൂർത്തിയാക്കുന്ന അരഡസൻ എംഎൽഎമാരുടെ കാര്യവും ഉറപ്പിച്ചിട്ടില്ല. യുവ പ്രാതിനിധ്യം സിപിഎം വിജയകരമായി പരീക്ഷിക്കുമ്പോൾ സിപിഐയും പതിവ് ശൈലികൾ വിട്ടേക്കും. 

മുതിർന്ന നേതാക്കളുടെ വലിയ ഒരു നിരയൊഴിഞ്ഞാലും മഹേഷ് കക്കത്ത്, ശുഭേഷ് സുധാകർ, ജിസ്മോൻ, സജിലാൽ തുടങ്ങി പുതുനിരയും സജ്ജമാണ്. പി.വസന്തം,ദേവിക തുടങ്ങിയ വനിതാനേതാക്കളുടെ പേരുകളും പ്രാരംഭ ച‍ർ‍ച്ചകളിൽ സജീവമായി ഉയർന്നിട്ടുണ്ട്. വിഭാഗീയ പ്രശ്നങ്ങൾ തലവേദനയായ കൊല്ലം ജില്ലയിലെ സ്ഥാനാർത്ഥി നിർണ്ണയമാണ് പാർട്ടിക്ക് പ്രധാന തലവേദന.

പി പ്രസാദ്, ചിഞ്ചുറാണി അടക്കം സംസ്ഥാന എക്സിക്യൂട്ടീവിലെ പ്രമുഖരെയും സുരക്ഷിത മണ്ഡലങ്ങളിൽ ആലോചിക്കുന്നുണ്ട്. ജോസ് പക്ഷത്തിന്‍റെ സിറ്റിംഗ് സീറ്റായ കാഞ്ഞിരപ്പള്ളിയിൽ അനിശ്ചിതത്വം നിൽക്കുമ്പോൾ പകരം പൂഞ്ഞാർ ചോദിക്കാനും സാധ്യതയേറിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനമാണ് അനുകൂല ഘടകം. ജില്ലാ കമ്മിറ്റികളുടെ കൂടി പ്രാഥമിക നിർദ്ദേശങ്ങൾ തേടിയ ശേഷം ജനുവരി അവസാനത്തോടെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമാക്കാനാണ് സിപിഐ നേതൃത്വത്തിൻ്റെ തീരുമാനം. 

click me!