
തിരുവനന്തപുരം: വിഴിഞ്ഞത്ത് കലാപം സൃഷ്ടിക്കാനുള്ള ചിലരുടെ ഗൂഢനീക്കം അവസാനിപ്പിക്കണമെന്ന് സിപിഎം. അക്രമം ഗൗരവമുള്ളതും അപലപനീയവും. സമരം ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുകയാണ്. തീരദേശത്തെ സമാധാനം തകർക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടണമെന്നും സിപിഎം ആവശ്യപ്പെടുന്നു.
അതേസമയം വിഴിഞ്ഞത്തുണ്ടായ അനിഷ്ട സംഭവങ്ങളിൽ പൊതുമുതലിനുണ്ടായ നാശനഷ്ടം സമരക്കാരിൽ നിന്ന് തന്നെ ഈടാക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 85 ലക്ഷം രൂപയുടെ നഷ്ടമാണ് എഫ് ഐ ആറിൽ ഉളളത്. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലുളള നടപടികൾ തുരുകയാണെന്നും സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു.
പൊതുമുതലിനുണ്ടായ നാശനഷ്ടം എങ്ങനെ നികത്തുമെന്ന് സിംഗിൾ ബെഞ്ച് ആരാഞ്ഞപ്പോഴായിരുന്നു സർക്കാരിന്‍റെ മറുപടി. എന്നാൽ വിഴിഞ്ഞത്ത് ക്രമസമാധാന നില ആകെ തകർന്നെന്ന് അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. പൊലീസ് നിഷ്ക്രിയമാണ്. സർക്കാരിനും കോടതിക്കും പൊലീസിനും എതിരെ യുദ്ധമാണ് നടക്കുന്നതെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു. വിഴിഞ്ഞം പദ്ധതി നിർമാണത്തിന് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹർജി വെളളിയാഴ്ച പരിഗണിക്കാൻ മാറ്റി. വിഴിഞ്ഞം സംഘർഷം അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam