മോട്ടോർ വാഹനനിയമ ഭേദഗതിക്കെതിരെ സിപിഎം, പിഴ കൂട്ടുകയല്ല വേണ്ടതെന്ന് കോടിയേരി

By Web TeamFirst Published Sep 8, 2019, 12:06 PM IST
Highlights

പിഴ കൂട്ടുകയല്ല, നിയമം കർശനമാക്കുകയാണ് വേണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിയം സംസ്ഥാനത്ത് നടപ്പാക്കുന്നത് മാറ്റി വയ്ക്കാനാകുമോ എന്ന് പരിശോധിക്കാൻ സർക്കാരിന് സിപിഎം ആവശ്യപ്പെട്ടു. 

തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന ഭേദഗതിയ്ക്ക് എതിരെ സിപിഎം. പിഴ കൂട്ടുകയല്ല, നിയമം കർശനമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. തൽക്കാലം നിയമവശം പരിശോധിച്ച് സംസ്ഥാനത്ത് നിയമം നടപ്പാക്കുന്നത് മാറ്റി വയ്ക്കാമോ എന്ന് പരിശോധിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയാണ് സിപിഎം. 

മോട്ടോർ വാഹന ചട്ടലംഘനങ്ങൾക്ക് ഉയർന്ന പിഴയീടാക്കുകയെന്നത് അശാസ്ത്രീയമാണെന്നാണ് സിപിഎം നിലപാടെടുത്തിരിക്കുന്നത്. ഉയർന്ന പിഴയീടാക്കുന്നത് വിപരീത ഫലം മാത്രമേ ഉണ്ടാക്കൂ. പിഴത്തുക കൂട്ടുകയല്ല, നിയമം കർശനമായി നടപ്പാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. 

എന്ത് ചെയ്യാൻ കഴിയുമെന്ന് ഗതാഗതവകുപ്പ് പരിശോധിക്കേണ്ടതുണ്ടെന്നാണ് കോടിയേരി പറയുന്നത്. ചില സംസ്ഥാനങ്ങൾ ഈ നിയമം നടപ്പാക്കിയിട്ടില്ല. അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്ര, രാജസ്ഥാൻ, മധ്യപ്രദേശ് സർക്കാരുകൾ ഈ നിയമം നടപ്പാക്കാതെ വച്ചിരിക്കുന്നത്. സുപ്രീംകോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. സമാനമായ രീതിയിൽ നിയമവശം പരിശോധിച്ച് എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കണമെന്നാണ് സിപിഎം സ‍ർക്കാരിനോടും ഗതാഗതവകുപ്പിനോടും ആവശ്യപ്പെടുന്നത്. 

വൻ അഴിമതിയ്ക്ക് കളമൊരുങ്ങുന്നതാണ് പുതിയ നിയമഭേദഗതിയെന്ന് കോടിയേരി ആരോപിച്ചു. ''പിഴത്തുക കൂടുമ്പോൾ പതിനായിരം രൂപയ്ക്ക് പകരം പരിശോധനയ്ക്ക് ഇറങ്ങിയ ഉദ്യോഗസ്ഥന് അയ്യായിരം രൂപ കൊടുത്ത് ആളുകൾ ഊരിപ്പോരാൻ നോക്കും. അപ്പോൾ ആ പണം ആർക്ക് പോയി? സർക്കാരിനും കിട്ടുന്നില്ല. അഴിമതിയ്ക്ക് കളമൊരുങ്ങുകയും ചെയ്യുന്നു'', കോടിയേരി പറയുന്നു.

ഓട്ടോ, ലോറി തൊഴിലാളികളടക്കമുള്ള സിഐടിയുവിന്‍റെ തൊഴിലാളി സംഘടനകൾ സിപിഎമ്മിനെ സമീപിച്ചിരുന്നു. മാത്രമല്ല, നിയമം നടപ്പാക്കുന്നതിന് മുമ്പ് ഗതാഗതവകുപ്പ് കൃത്യമായി ഗൃഹപാഠം നടത്തിയില്ല എന്ന വിശകലനവും സിപിഎമ്മിനകത്തുണ്ട്. 

അപകടങ്ങൾ കുറയ്ക്കാൻ വേണ്ടിയുള്ളതാകണം നിയമങ്ങൾ. കേന്ദ്രം അപ്രായോഗികമായ പല നിയമങ്ങൾ കൊണ്ട് വന്ന് ഫെഡറൽ ഘടന തകർക്കുകയാണ്. ഇത്തരമൊരു നിയമത്തിന്‍റെ നടത്തിപ്പ് സംസ്ഥാനസർക്കാരിന്‍റെ ചുമതലയായതിനാൽ എതിർപ്പ് സർക്കാരിനോടാകുന്നുവെന്നും സിപിഎം വിലയിരുത്തുന്നു. 

കൊച്ചിയിലെ കുണ്ടന്നൂരിലും വൈറ്റിലയിലും വൻഗതാഗതക്കുരുക്കും, നഗരത്തിലെ വൻ കുഴികളും, കേരളത്തിലെ പല ഭാഗങ്ങളിലുള്ള റോഡുകളുടെ ശോചനീയാവസ്ഥയും മൂലം സംസ്ഥാനസർക്കാരിനെതിരെ വൻജനരോഷമുണ്ട്. ഈ സാഹചര്യത്തിൽക്കൂടിയാണ് മോട്ടോർ വാഹനനിയമഭേദഗതിയുടെ നടത്തിപ്പ് കർശനമാക്കുന്നതിൽ സിപിഎം സർക്കാരിനോട് എതിർപ്പറിയിക്കുന്നത്. 

click me!