
തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ഓർഡിനൻസുകളുടെ നിയമനിർമ്മാണത്തിനായി നിയമസഭ ചേരും മുൻപ് ലോകായുക്ത വിഷയത്തിൽ ധാരണയിലെത്താൻ സിപിഐയും സിപിഎമ്മും. ഇതിനായി രണ്ട് പാർട്ടികളുടേയും നേതൃത്വം വിശദമായ ചർച്ച നടത്തും. ലോകായുക്ത നിയമത്തിൽ ഭേദഗതി വേണമെന്ന സിപിഎം ആവശ്യം സിപിഐ അംഗീകരിച്ചിട്ടുണ്ട്.
എന്നാൽ നിലവിൽ നിർദ്ദേശിക്കപ്പെട്ട രീതിയിൽ നിയമം ഭേദഗതി ചെയ്യാനാവില്ലെന്നാണ് സിപിഐ നിലപാട്. ലോകായുക്തയുടെ അഴിമതി വിരുദ്ധ മുഖം സംരക്ഷിച്ചുകൊണ്ട് വേണം നിയമഭേദഗതിയെന്നും സിപിഐ വാദിക്കുന്നു. ലോകായുക്ത വിധി പരിശോധിക്കാൻ നിയമ സംവിധാനം വേണമെന്നും സിപിഐ ആവശ്യപ്പെടും.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർക്കൊപ്പം റവന്യു മന്ത്രി കെ.രാജൻ, നിയമമന്ത്രി പി.രാജീവ് എന്നിവരും ഉഭയകക്ഷി ചർച്ചകളുടെ ഭാഗമാകും എന്നാണ് സൂചന.
ലോകായുക്ത നിയമഭേദഗതിക്കെതിരെ തുടക്കം മുതൽ സിപിഐ ഉയർത്തിയത് കടുത്ത എതിർപ്പാണ്. മന്ത്രിസഭാ യോഗത്തിൽ ലോകായുക്തയുടെ ചിറകരിയാനുള്ള ഓർഡിനൻസിനെ ആദ്യം പാർട്ടി മന്ത്രിമാർ മിണ്ടാതെ അനുകൂലിച്ചു. പിന്നെ നേതൃത്വം വടിയെടുത്തോടെ എതിർപ്പ് ഉന്നയിച്ചു. അസാധുവായ ലോകായുക്ത ഓർഡിനൻസ് അടക്കം പാസ്സാക്കാൻ ബിൽ കൊണ്ട് വരാനിരിക്കെ എതിർപ്പ് ആവർത്തിക്കാനാണ് സിപിഐ നീക്കം.
നേരത്തെ ഭേദഗതിയിൽ ഭിന്നത കടുത്ത സമയത്തും വിഷയത്തിൽ ചർച്ച വേണമെന്ന് സിപിഎം സിപിഐയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അന്ന് സിപിഎം ചർച്ചയ്ക്ക് തയ്യാറായിരുന്നില്ല. ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള 14 ആം വകുപ്പിൽ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനത്തിലാണ് സിപിഐക്ക് എതിർപ്പ്.
അഴിമതി തെളിഞ്ഞാൽ പൊതപ്രവർത്തകന് സ്ഥാനിത്തിരിക്കാൻ ആകില്ലെന്ന ലോകായുക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി സർക്കാറിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് കൊണ്ടുവരുന്നത്. ഇതിൽ സിപിഐ ആവശ്യം പരിഗണിച്ച് എങ്ങിനെ മാറ്റം വരുമെന്നാണ് കണ്ടറിയേണ്ടത്. നിലവിലുള്ള് ലോകായുക്ത നിയമം അതേ പടി നിലനിർത്തിയാൽ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരായ കേസിലടക്കം വിധി നിർണ്ണായകമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam