
തൃശ്ശൂർ: ചേലക്കരയിലെ ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപിൻ്റെ മണ്ഡല പര്യടനം ഇന്ന് ആരംഭിക്കും. ജന്മ നാട് ഉൾപ്പെടുന്ന ദേശമംഗലം പഞ്ചായത്തിലാണ് സ്ഥാനാർത്ഥി വോട്ട് തേടുക. വികസനമാകും പ്രധാന തെരഞ്ഞെടുപ്പ് മുദ്രാവാക്യമെന്ന് പ്രദീപ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപേ തന്നെ സംഘടനാ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ ഇടത് ക്യാമ്പ്, സ്ഥാനാർത്ഥിയായി UR പ്രദീപ് കൂടി എത്തിയതോടെ പൂർണ്ണസജ്ജമായി. യു ആർ പ്രദീപിന്റെ വരവറിയിച്ച് ചേലക്കരയിൽ നടന്ന റോഡ് ഷോ ഇടതുമുന്നണി ശക്തി പ്രകടനമാക്കി മാറ്റി.
മണ്ഡലത്തിൽ പ്രദീപ് ചിരപരിചിതനായത് പ്രചാരണം കൂടുതൽ സുഗമമാക്കുമെന്നാണ് ഇടതിൻ്റെ പ്രതീക്ഷ. ജില്ലയിലെ ലോക്കൽ സമ്മേളനങ്ങൾ പുനക്രമീകരിച്ച് നേതാക്കൾ മുഴുവൻ സമയം ചേലക്കര കേന്ദ്രീകരിക്കും. ആദ്യ ദിനമായ ഇന്ന് ഉച്ച വരെ സ്വന്തം നാടായ ദേശമംഗലം പഞ്ചായത്തിലാണ് സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിക്കുക. അടുത്ത ആഴ്ച നാമനിർദേശ പത്രിക നൽകും. ഇതിനു മുൻപായി പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ അധ്യക്ഷസ്ഥാനം പ്രദീപ് രാജിവെക്കും. അടുത്ത വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന മണ്ഡലം കൺവെൻഷൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam