ധനരാജിന്‍റെ കടം തീര്‍ത്തു, ഫണ്ട് തിരിമറിയില്‍ നിന്ന് തലയൂരാന്‍ സിപിഎം, എല്‍ സിയില്‍ കണക്ക് അവതരിപ്പിക്കും

Published : Jun 30, 2022, 10:02 PM ISTUpdated : Jun 30, 2022, 11:25 PM IST
ധനരാജിന്‍റെ കടം തീര്‍ത്തു, ഫണ്ട് തിരിമറിയില്‍ നിന്ന് തലയൂരാന്‍ സിപിഎം, എല്‍ സിയില്‍ കണക്ക് അവതരിപ്പിക്കും

Synopsis

ഒൻപത് ലക്ഷം കടം പാർട്ടി ഏരിയ കമ്മറ്റിയുടെ അക്കൗണ്ടിൽ നിന്ന് വീട്ടി. നാളെ ലോക്കൽ കമ്മറ്റിയിൽ കണക്ക് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് നീക്കം. 

പയ്യന്നൂര്‍: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദം തീർക്കാൻ ധനരാജിന്‍റെ കടം ഏരിയ കമ്മറ്റി അക്കൗണ്ടിൽ നിന്നും അടച്ച് സിപിഎം. ധനരാജിനായി പിരിച്ച തുകയിൽ ബാങ്കിലിട്ട 42 ലക്ഷം എവിടെ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെയാണ് പാർട്ടി ഏരിയ കമ്മറ്റിയുടെ പണമെടുത്ത് കടംവീട്ടി വിവാദം അവസാനിപ്പിക്കുന്നത്. ഒറ്റത്തവണ തീർപ്പാക്കലിന്‍റെ ഭാഗമായി 9,80,000 സഹകരണ ബാങ്കിൽ ഇന്ന് വൈകിട്ട് അടച്ചു.  വിവധ ഫണ്ടുകളെ പറ്റി ആരോപണം ഉയർന്നെങ്കിലും പാർട്ടിക്ക് ഒരു രൂപ പോലും നഷ്ടമായില്ല എന്ന ഏരിയ കമ്മറ്റി തയ്യാറാക്കിയ പുതിയ കണക്ക് നാളെ ലോക്കൽ കമ്മറ്റികളിൽ അവതരിപ്പിക്കും. അവിടെ ധനരാജിന്‍റെ കടം സംബന്ധിച്ച ചോദ്യങ്ങൾ ഒഴിവാക്കാനാണ് തിടുക്കപ്പെട്ട് പാർട്ടി തന്നെ കടം വീട്ടിയത്. 

ധനരാജ് രക്തസാക്ഷി ഫണ്ടിലെ 42 ലക്ഷം രണ്ട് നേതാക്കൾ ഈ തുക പിൻവലിച്ചു എന്നായിരുന്നു പാർട്ടിക്ക് കിട്ടിയ പരാതി. വി കുഞ്ഞികൃഷ്ണൻ ബാങ്ക് രേഖകൾ ഉൾപ്പടെയാണ് പാർട്ടിക്ക് പരാതി നൽകിയത്. 2011 ജൂലൈ 16 നാണ് പയ്യന്നൂരിലെ സജീവ സിപിഎം പ്രവർത്തകനായ സി വി ധനരാജ് കൊല്ലപ്പെടുന്നത്. ധനരാജിന്‍റെ കടങ്ങൾ വീട്ടാനും വീട് വച്ച് നൽകാനും പാർട്ടി രക്തസാക്ഷി ഫണ്ട് ശേഖരണം നടത്തി. ധനരാജിന് പയ്യന്നൂരിലെ പാർട്ടിക്കാർക്കിടയിലുണ്ടായിരുന്ന ജനപ്രീതി കാരണം 85 ലക്ഷത്തിലധികമാണ് ഫണ്ട് കിട്ടിയത്. 25 ലക്ഷം രൂപയ്ക്ക് ധനരാജിന്‍റെ കുടുംബത്തിന് വീട് വച്ചുനൽകി. ഭാര്യയുടെയും രണ്ട് മക്കളുടെയും പേരിൽ 5 ലക്ഷം വീതവും അമ്മയുടെ പേരിൽ 3 ലക്ഷവും സഹകരണ ബാങ്കിൽ സ്ഥിര നിക്ഷേപം ഇട്ടു. ബാക്കി വന്ന 42 ലക്ഷം പയ്യന്നൂരിലെ രണ്ടു നേതാക്കളുടെ ജോയിന്‍റ് അക്കൗണ്ടിൽ സ്ഥിരം നിക്ഷേപമാക്കി. 

ധനരാജിന് ഉണ്ടായിരുന്ന 15 ലക്ഷത്തിന്‍റെ കടം വീട്ടാതെയായിരുന്നു ഈ നിക്ഷേപം. ധനരാജിന്‍റെ ഭാര്യയ്ക്ക് സഹകരണ സ്ഥാപനത്തിൽ ജോലിയുണ്ടെന്നും ആ വരുമാനത്തിൽ നിന്നും കടം വീടട്ടെ എന്നും പറഞ്ഞായിരുന്നു ഇത്. 42 ലക്ഷം സ്ഥിരനിക്ഷേപത്തിൽ നിന്നും ലഭിച്ച 5 ലക്ഷത്തിന്‍റെ പലിശ രണ്ട് നേതാക്കളുടെ  സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റി. താമസിയാതെ 42 ലക്ഷവും പിൻവലിക്കപ്പെട്ടു.  ഇതിനൊക്കെ ബാങ്ക് സ്റ്റേറ്റ് മെന്‍റ് ഉൾപ്പടെ തെളിവുമായാണ് വി കുഞ്ഞികൃഷ്ണൻ ജില്ലാ നേതൃത്വത്തെ സമീപിച്ചത്. 

PREV
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ