സര്‍ക്കാര്‍ നിര്‍മ്മിച്ച നല്‍കിയ വീട് കോൺഗ്രസിന്‍റെ ആയിരം വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെന്ന് സിപിഎം പരാതി

By Web TeamFirst Published Sep 27, 2020, 3:44 PM IST
Highlights

വീടു പണി തുടങ്ങിയതിനു പിന്നാലെ പ്രളയ നഷ്ടപരിഹാരമായി സര്‍ക്കാര്‍ അനുവദിച്ച നാലു ലക്ഷം രൂപ പരമേശ്വരന്‍റെ ബാങ്ക് അകൗണ്ടിലേക്ക് എത്തുകയും ചെയ്തു.

മലപ്പുറം: മലപ്പുറം മമ്പാട് സര്‍ക്കാര്‍ പണം കൊണ്ട് നിര്‍മ്മിച്ച വീട്, കോൺഗ്രസിന്‍റെ ആയിരം വീട് പദ്ധതിയില്‍ ഉള്‍പെടുത്തിയെന്ന് സിപിഎം പരാതി. എന്നാല്‍, കോൺഗ്രസ് പ്രവര്‍ത്തകരാണ് വീട് നിര്‍മ്മിച്ചു നല്‍കിയതെന്നും പിന്നീട് ലഭിച്ച സര്‍ക്കാര്‍ പണം തിരിച്ചു നല്‍കിയെന്നും
വീട്ടുടമസ്ഥനും അറിയിച്ചു.

മമ്പാട് മാരമംഗലത്തെ പരമേശ്വന് കാലിക്കറ്റ് യൂണിവേഴ്സിന്റ്റി സ്റ്റാഫ് ഓര്‍ഗനൈസേഷൻ നിര്‍മ്മിച്ചു നല്‍കിയ വീടിനെ ചൊല്ലിയാണ് വിവാദം. കഴിഞ്ഞ പ്രളയത്തിലാണ് പരമേശ്വരന്‍റെ വീട് തകര്‍ന്നത്. കൂലിപണിക്കാരനായ പരമേശ്വരന് വീട് പുനര്‍നിര്‍മ്മിക്കാൻ കഴിഞ്ഞില്ല. സര്‍ക്കാര്‍ സഹായത്തിന് നല്‍കിയ അപേക്ഷയില്‍ തീരുമാനം വൈകിയതോടെ കുടുംബം വാടക വീട്ടിലേക്ക് മാറി.

ഈ സാഹചര്യത്തിലാണ് വീടു നിര്‍മ്മിച്ചു നല്‍കാൻ കാലിക്കറ്റ് യൂണിവേഴ്സിന്റ്റി സ്റ്റാഫ് ഓര്‍ഗനൈസേഷൻ മുന്നോട്ട് വന്നത്. വീടു പണി തുടങ്ങിയതിനു പിന്നാലെ പ്രളയ നഷ്ടപരിഹാരമായി സര്‍ക്കാര്‍ അനുവദിച്ച നാലു ലക്ഷം രൂപ പരമേശ്വരന്‍റെ ബാങ്ക് അകൗണ്ടിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍, ബാങ്ക് അക്കൗണ്ടിലെ പണത്തില്‍ നിന്ന് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയതൊഴിച്ചാല്‍ വീടു നിര്‍മ്മിക്കാൻ ഒരു രൂപ പോലും സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് എടുത്തിട്ടില്ലെന്നാണ് പരമേശ്വരന്‍റെ വിശദീകരണം.

വീട് കോൺഗ്രസ് നിര്‍മ്മിച്ചു നല്‍കിയെന്നും അതിനാല്‍ പണം തിരിച്ചെടുക്കാമെന്നും കാണിച്ച് വില്ലേജ് ഓഫീസര്‍ക്ക് അപേക്ഷയും നല്‍കിയിട്ടുള്ളതായും പരമേശ്വരന്‍ പറഞ്ഞു. വ്യാഴാഴ്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് വീടിന്‍റെ താക്കോല്‍ കൈമാറുന്നത്.

 

click me!