നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ 24 മണിക്കൂറിനുള്ളിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. സർക്കാരിന്റെ നയപരമായ തീരുമാനമാണ് സർവേയെന്നും ഹൈക്കോടതി വിധിയിൽ പൊരുത്തക്കേടുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ

ദില്ലി: നവ കേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരിന്‍റെ അതിവേഗ നീക്കം. നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി തീരുമാനത്തിനെതിരെ 24 മണിക്കൂറിനുള്ളിൽ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി വിധിയിൽ പൊരുത്തകേടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി സർക്കാർ സുപ്രീം കോടതിയിൽ എത്തിയത്. സർക്കാരിന്‍റെ നയപരമായ തീരുമാനമാണ് നവകേരള സർവേയെന്ന് ചൂണ്ടിക്കാട്ടിയ സർക്കാർ, ഇത് എങ്ങനെയാണ് ഹൈക്കോടതി റദ്ദാക്കുകയെന്ന ചോദ്യവും അപ്പീലിൽ ഉയർത്തിയിട്ടുണ്ട്. ക്യാബിനറ്റിന് തീരുമാനം എടുക്കാൻ അധികാരമുണ്ടെന്നാണ് സർക്കാർ വാദം. സർവേ നിയമവിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ട് ഇന്നലെയാണ് ഹൈക്കോടതി റദ്ദാക്കൽ വിധി പുറപ്പെടുവിച്ചത്. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നടക്കം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

റദ്ദാക്കൽ വിധിയുടെ വിശദാംശങ്ങൾ

സ്പെഷ്യൽ പി ആർ കാമ്പയിനിന്റെ പേരിൽ 20 കോടി രൂപ അനുവദിച്ചതിൽ റൂൾസ് ഓഫ് ബിസിനസിന്റെ ചട്ടലംഘനം ഉണ്ടായതായി വിലയിരുത്തിക്കൊണ്ടാണ് ഹൈക്കോടതി നവകേരള സർവ്വേ റദ്ദാക്കിയത്. പണം അനുവദിച്ചത് ചട്ടലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ സർവേ നടത്തിയ രീതിയിലും കോടതി സംശയം പ്രകടിപ്പിച്ചു. 2025 ഒക്ടോബർ 8 നാണ് നവകേരള സർവേ നടത്താനുളള തീരുമാനം സംസ്ഥാന മന്ത്രിസഭ എടുക്കുന്നത്. എന്നാൽ, ദിവസങ്ങൾക്ക് മുൻപ് തന്നെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പാർട്ടി കേഡർമാർക്ക് ഒരു കത്തയച്ചിരുന്നു. ഈ കത്ത് ഹർജിക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് തള്ളിക്കളയാൻ ആകില്ലെന്നടക്കം കോടതി വിലയിരുത്തി. സർവേ നടത്താനുള്ള തീരുമാനം സംസ്ഥാന സർക്കാർ എടുക്കുന്നതിന് മുൻപ് തന്നെ പാർട്ടി സെക്രട്ടറി അവരുടെ കേഡർമാർക്ക് കത്തയക്കുകയായിരുന്നു. സർവ്വേക്ക് വേണ്ടിയുള്ള പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് അയച്ചിട്ടുള്ളത്. സി പി എം അണികളെ രഹസ്യമായി കയറ്റാനുള്ള ഒരു നീക്കം പാർട്ടി നടത്തിയതിൽ സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് കോടതി പറഞ്ഞത്. എം വി ​ഗോവിന്ദനെ കൂടി ഈ കേസിൽ കക്ഷി ചേർത്തിരുന്നു. പക്ഷേ, പാർട്ടി സെക്രട്ടറി നൽകിയ സത്യാവങ് മൂലം തൃപ്തികരമല്ല എന്നാണ് ഹൈക്കോടതി പറഞ്ഞത്.

നവകേരള സർവേയിലൂടെ സർക്കാർ ലക്ഷ്യമിട്ടത്

സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ, വികസനം തുടങ്ങിയ കാര്യങ്ങൾ ജനങ്ങളിൽ നിന്ന് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് നവകേരള സർവേ എന്ന പേരിൽ ഒരു പരിപാടി നടത്താൻ തീരുമാനിച്ചത്. ഈ സർവേക്ക് വേണ്ടി നിരവധിയായ പ്രവർത്തകരെ ഒരു പോർട്ടൽ വഴി കണ്ടെത്തുകയും ചെയ്തു. ശേഷം, വീടുകൾ കയറി പരിപാടി നടത്തുകയും ചെയ്തു. സി പി എം പ്രവർത്തകരെ ഉപയോ​ഗിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പരിപാടിയാണ് നടത്തുന്നത് എന്നായിരുന്നു ഹർജിക്കാർ കോടതിയിൽ പറ‍ഞ്ഞത്. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിൽ കോടതി നിരവധി തവണ വാദം കേട്ടിരുന്നു. അതിനുശേഷമാണ് ഇതിൽ ബജറ്റ് അലോക്കെഷനോ ധനകാര്യ വകുപ്പിന്റെ അനുമതിയോ ഈ പരിപാടിക്ക് ഇല്ല എന്ന് കണ്ടെത്തിക്കൊണ്ടാണ് ഹൈക്കോടതി പദ്ധതി റദ്ദാക്കിയിരിക്കുന്നത്. ഇത് വലിയൊരു തിരിച്ചടിയായി മാറിയതിന് പിന്നാലെയാണ് സർക്കാർ അതിവേഗം സുപ്രീം കോടതിയിലെത്തിയത്.

YouTube video player