'ദുഷ്പ്രചാരണം ജനം പുച്ഛിച്ചു തള്ളും', ഇപിയുടെ അതൃപ്തി സംബന്ധിച്ച വാർത്ത നിഷേധിച്ച് സിപിഎം

By Web TeamFirst Published Sep 16, 2020, 9:59 PM IST
Highlights

സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് ഇറക്കിയ വാർത്താക്കുറിപ്പിലാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നത്. സിപിഎം നേതൃത്വത്തെ ആക്രമിക്കാനുള്ള അമിതാവേശത്തോടെയുള്ള വാർത്ത അങ്ങേയറ്റം അപലപനീയമാണെന്ന് പാർട്ടി.

തിരുവനന്തപുരം: പാർ‍ട്ടി നേതാക്കള്‍ തമ്മിൽ ഭിന്നതയെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്ത തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സിപിഎം നേതൃത്വത്തെ ആക്രമിക്കാനുള്ള അമിതാവേശത്തോടെയുള്ള വാർത്ത അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഎം വാ‍ർത്താക്കുറിപ്പിൽ അറിയിച്ചു. ഇത്തരം ദുഷ്പ്രചരണങ്ങള്‍ ജനം പുച്ഛിച്ചുതള്ളുമെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും സെക്രട്ടറിയേറ്റ് വാ‍ർത്താക്കുറിപ്പിൽ പറയുന്നു.

വാർത്താക്കുറിപ്പ് ഇങ്ങനെ:

സിപിഐ എം നേതൃത്വത്തെ ആക്രമിക്കാനുള്ള അമിതാവേശത്തോടെ, പാര്‍ടി നേതാക്കള്‍ തമ്മില്‍ ഭിന്നത എന്ന്‌ വരുത്തിതീര്‍ക്കാന്‍ ഏഷ്യാനെറ്റ്‌ ഇന്നു നല്‍കിയ വാര്‍ത്ത അങ്ങേയറ്റം അപലപനീയമാണ്‌. "ഇ പി ജയരാജന്‍ പാര്‍ടിക്ക്‌ പരാതി കൊടുക്കും, കോടിയേരി - ഇ പി തര്‍ക്കം രൂക്ഷമായേക്കും, പോളിറ്റ്‌ ബ്യുറോയ്‌ക്ക്‌ മുന്നിലേക്ക്‌ വരെ പ്രശ്‌നം എത്തും" എന്നും മറ്റും ഭാവനയില്‍ കണ്ടെത്തി അത്‌ വാര്‍ത്തയെന്ന രൂപത്തില്‍ പ്രചരിപ്പിക്കുന്നത്‌ മാധ്യമ മര്യാദയുടെ ലംഘനമാണ്.‌ തലമാറ്റി വച്ച്‌ കൃത്രിമ ചിത്രം ഉണ്ടാക്കി പാര്‍ടി നേതാക്കളുടെ കുടുംബത്തെ അപമാനിക്കാന്‍ ശ്രമിച്ച അതേ ദുഷ്‌ടലാക്കാണ്‌ ഈ വാര്‍ത്താ നിര്‍മിതിക്കും. കമ്മ്യുണിസ്റ്റ്‌ വിരോധം മൂത്ത്‌ അസംബന്ധങ്ങള്‍ വാര്‍ത്തയെന്ന പേരില്‍ അവതരിപ്പിക്കരുത്‌. ഈ വ്യാജ വാര്‍ത്ത അടിയന്തിരമായി പിന്‍വലിച്ച്‌ പൊതു സമൂഹത്തോട്‌ മാപ്പ്‌ പറയണം. ഇത്തരം ദുഷ്‌പ്രചരണങ്ങളെ ജനങ്ങള്‍ പുച്ഛിച്ച്‌ തള്ളും. ഇതിനെ നിയമപരമായി നേരിടുകയും ചെയ്യും.

ഇത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത വാ‍ർത്ത ഇതാണ്:

click me!