ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമുള്ള ജയശ്രീയുടെ ആവശ്യം കോടതി അനുവദിച്ചില്ല. എസ്ഐടിക്ക് മുന്നിൽ ഹാജരാകണമെന്ന് നിർദേശം.

ദില്ലി: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയുമായ എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ ഉത്തരവ് സുപ്രീംകോടതി നീട്ടി. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമുള്ള ജയശ്രീയുടെ ആവശ്യം കോടതി അനുവദിച്ചില്ല. കേസില്‍ ആര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കൊടിമരത്തിലുയടക്കം സ്വർണം മോഷ്ടിച്ചെന്ന ഇന്നലത്തെ മാധ്യമ വാർത്ത കണ്ടോയെന്ന് കോടതി ചോദിച്ചു. കൊള്ളയില്‍ ഉത്തരവാദിത്തമില്ല എന്നുമായിരുന്നു ജയശ്രീക്കായി അഭിഭാഷകരുടെ മറുപടി. ജയശ്രീക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ ജയിലില്‍ ചികിത്സയ്ക്ക് സൗകര്യമൊരുക്കാം. ആവശ്യമെങ്കില്‍ എംയിസില്‍ ചികിത്സ നല്‍കാമെന്നുപറഞ്ഞ കോടതി കേരളത്തില്‍ എംയിസുണ്ടോയെന്നും ചോദിച്ചു. ജയശ്രീയോട് 18ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാന്‍ മാറ്റി.

ശബരിമല സ്വർണക്കവർച്ച കേസിൽ നാലാം പ്രതിയാണ് എസ് ജയശ്രീ. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം. നേരത്തെ ഹൈക്കോടതി രണ്ട് വട്ടം ജയശ്രീയുടെ ഹർജി തള്ളിയിരുന്നു. പിന്നാലെയാണ് ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമായിരുന്നു ജയശ്രീയുടെ നിലപാട്. സ്വര്‍ണകൊള്ളയിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥയെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുളള നിർദേശം അനുസരിച്ച് ഫയൽ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ജയശ്രീയുടെ വാദം.