പാര്‍ട്ടിയെ തള്ളിപ്പറയില്ല, വിശ്വാസമുണ്ട്; പുറത്താക്കിയ തീരുമാനം വേദനിപ്പിക്കുന്നതെന്ന് താഹയുടെ ഉമ്മ

By Web TeamFirst Published Feb 16, 2020, 2:08 PM IST
Highlights

"ഇവിടുത്തെ(നാട്ടിലെ) പാര്‍ട്ടിക്കാര്‍ ഞങ്ങളോട് ഒന്നും പറഞ്ഞില്ല. ഒരു നേതാവ് അവര്‍ മാവോയ്സ്റ്റ് ആണെന്നു പറയും, വേറൊരു നേതാവ് തിരിച്ചു പറയും. ആദ്യം എന്‍ഐഎയ്ക്ക് വിടും പിന്നെ തിരിച്ചു ചോദിച്ചു".

കോഴിക്കോട്: പന്തീരാങ്കാവില്‍ യുഎപിഎ കേസില്‍ അറസ്റ്റിലായ താഹയെയും അലനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വാക്കുകളോട് പ്രതികരിച്ച് താഹയുടെ ഉമ്മ ജമീല. പാര്‍ട്ടിയെ തള്ളിപ്പറയില്ല. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ തീരുമാനം വേദനിപ്പിക്കുന്നതാണ്. പാർട്ടിയിൽ ഇനിയും വിശ്വാസമുണ്ടെന്നും താഹയുടെ മാതാവ് പ്രതികരിച്ചു. 

താഹയുടെ ഉമ്മയുടെ വാക്കുകള്‍

"ഇവിടുത്തെ(നാട്ടിലെ) പാര്‍ട്ടിക്കാര്‍ ഞങ്ങളോട് ഒന്നും പറഞ്ഞില്ല. ഒരു നേതാവ് അവര്‍ മാവോയ്സ്റ്റ് ആണെന്നു പറയും, വേറൊരു നേതാവ് തിരിച്ചു പറയും. ആദ്യം എന്‍ഐഎയ്ക്ക് വിടും പിന്നെ തിരിച്ചു ചോദിച്ചു. എല്ലാം മാധ്യമങ്ങളിലൂടെ കേള്‍ക്കുന്നതേ ഞങ്ങള്‍ അറിയൂ. പുറത്താക്കിയെന്ന് കേട്ടപ്പോള്‍ വിഷമമായി". ഇതുവരെ ഒരു പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാല്‍ പാര്‍ട്ടിയെ തള്ളിപ്പറയില്ലെന്നും താഹയുടെ ഉമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു". അതേ സമയം അലന്‍റെ കുടുംബം പുറത്താക്കല്‍ നടപടിയോട് പ്രതികരിക്കാന്‍ തയ്യാറായില്ല. 

"

'അലനും താഹയും മാവോയിസ്റ്റുകള്‍'; രണ്ടുപേരെയും പാര്‍ട്ടി പുറത്താക്കിയെന്ന് കോടിയേരി

അലനും താഹയ്ക്കുമെതിരെ പാര്‍ട്ടി നടപടിയെടുത്തെന്നും ഇരുവരേയും പുറത്താക്കിയെന്നും ഇന്ന് രാവിലെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചത്. അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയാണെന്നും പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയ ഇരുവരെയും ഒരുമാസം മുമ്പ് തന്നെ പുറത്താക്കിയെന്നുമാണ് കോടിയേരി വ്യക്തമാക്കിയത്. സിപിഎമ്മിനുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയതിനാണ് ഇരുവരേയും പുറത്താക്കിയതെന്നാണ് കോടിയേരി പ്രതികരിച്ചത്. നേരത്തെ സിപിഎം നിഷേധിച്ച കാര്യമാണ് ഇപ്പോൾ സംസ്ഥാനസെക്രട്ടറി സ്ഥിരീകരിച്ചത്. പാർട്ടിയിൽ അലനെയും താഹയെയും പിന്തുണയ്ക്കുന്നവർക്ക് കൂടിയുള്ള താക്കീതായാണ് കോടിയേരിയുടെ സ്ഥിരീകരണം വിലയിരുത്തപ്പെടുന്നത്.

 

click me!