'കാനം മണിച്ചിത്രത്താഴിട്ട് പൂട്ടിയാൽ വിറയ്ക്കുന്ന നേതാവാണോ'? കാനം വിരുദ്ധർക്കെതിരെ സിപിഎം

Published : Jul 29, 2019, 08:27 PM IST
'കാനം മണിച്ചിത്രത്താഴിട്ട് പൂട്ടിയാൽ വിറയ്ക്കുന്ന നേതാവാണോ'? കാനം വിരുദ്ധർക്കെതിരെ സിപിഎം

Synopsis

മാധ്യമങ്ങളുടെ ഗൂഢാലോചന മനസ്സിലാക്കാൻ ചില സിപിഐക്കാർക്ക് കഴിയുന്നില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എം ദിനേശ് മണി. എളങ്കുന്നപ്പുഴയിൽ നടന്ന സിപിഎം വിശദീകരണ യോഗത്തിലാണ് ദിനേശ് മണിയുടെ പ്രസംഗം. 

കൊച്ചി: സിപിഐയിലെ കാനം വിരുദ്ധർക്കെതിരെ സിപിഎമ്മിന്‍റെ എറണാകുളം ജില്ലാ സെക്രട്ടറി സി എം ദിനേശ് മണി. മാധ്യമങ്ങളുടെ ഗൂഢാലോചന മനസ്സിലാക്കാൻ സിപിഐയുടെ ചില നേതാക്കൾക്ക് കഴിയുന്നില്ലെന്ന് ദിനേശ് മണി വിമർശിച്ചു. 

കാനത്തെ മണിച്ചിത്രത്താഴിട്ട് പൂട്ടി എന്ന് ചിലർ പറയുന്നു. അങ്ങനെ പൂട്ടിയാൽ വിറയ്ക്കുന്ന നേതാവാണോ കാനം എന്നും ദിനേശ് മണി ചോദിച്ചു. എറണാകുളം എളങ്കുന്നപ്പുഴയിൽ നടന്ന സിപിഎം വിശദീകരണ യോഗത്തിലാണ് ദിനേശ് മണിയുടെ പ്രസംഗം. 

എറണാകുളത്തെ തന്നെ സിപിഐ എക്സിക്യൂട്ടീവ് യോഗത്തിലാണ് കാനത്തെ മണിച്ചിത്രത്താഴിട്ട് പൂട്ടിയിരിക്കുകയാണ് സിപിഎമ്മെന്ന വിമർശനമുയർന്നത്. ഇക്കണക്കിന് പോയാൽ പാർട്ടിക്ക് മാർച്ചിന് പോകാൻ പോലും ആളെക്കിട്ടാതാകും. കോടിയേരിയുടെ മകനെതിരായ ലൈംഗികപീഡന പരാതിയുണ്ടായപ്പോൾ പോലും അനുഭാവത്തോടെ സംസാരിച്ച കാനം സ്വന്തം പാർട്ടിയിലെ എംഎൽഎയ്ക്ക് മർദ്ദനമേറ്റിട്ട് പോലും ഒരക്ഷരം പിന്തുണച്ച് സംസാരിച്ചില്ലെന്ന് യോഗത്തിൽ രൂക്ഷവിമർശനമുയർന്നു. കൊച്ചിയിലെ ഡിഐജി ഓഫീസ് മാർച്ചിൽ എംഎൽഎയ്ക്ക് മർദ്ദനമേറ്റതിനെത്തുടർന്ന് ഉണ്ടായ വിവാദങ്ങളെത്തുടർന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നടന്നത്. 

അന്ന് നടന്ന യോഗത്തിൽ നിന്ന് കാനം രാജേന്ദ്രൻ വിട്ടു നിന്നിരുന്നു. മർദ്ദനമേറ്റവർ യോഗത്തിനെത്തിയത് പ്ലാസ്റ്ററും ബാൻഡേജുമിട്ടാണ്. അതൊന്നും കാണാൻ കാനം നിന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മധ്യമേഖലാ റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ട് ആലുവയിലെത്തിയ കാനം അതേ ജില്ലയിൽ നടന്ന എക്സിക്യൂട്ടീവിൽ പങ്കെടുക്കാതെ പോയി. പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എൽദോ എബ്രഹാം എംഎൽഎയാകട്ടെ കാനത്തെ വിശ്രമിച്ചിരുന്ന വീട്ടിൽ പോയാണ് കണ്ടത്. 

പോസ്റ്റർ വിവാദത്തിൽ ആഭ്യന്തര അന്വേഷണം

പോസ്റ്റര്‍ വിവാദത്തിൽ പാര്‍ട്ടിതലത്തിൽ ആഭ്യന്തര അന്വേഷണം നടത്താൻ സിപിഐ തീരുമാനിച്ചിട്ടുണ്ട്. കാനം രാജേന്ദ്രൻ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിൽ പോസ്റ്റര്‍ പതിച്ച സംഭവത്തിലാണ് നടപടി. പോസ്റ്റര്‍ ആരോപണം പാര്‍ട്ടിയെ ബാധിച്ച ക്യാൻസറാണെന്ന് ആലപ്പുഴയിൽ ചേര്‍ന്ന സിപിഐ നിര്‍വ്വാഹക സമിതിയോഗത്തിൽ വിമര്‍ശനമുയര്‍ന്നു. 

പ്രത്യേക കമ്മീഷനെ വച്ച് പാര്‍ട്ടിക്കകത്ത് അന്വേഷണം നടത്താനാണ് തീരുമാനം. മൂന്നംഗ അന്വേഷണ കമ്മീഷനെയാണ് പാര്‍ട്ടി നിയോഗിച്ചിട്ടുള്ളത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എറണാകുളത്ത് നടന്ന ഡിഐജി ഓഫീസ് മാര്‍ച്ചിനിടെ എംഎൽഎ അടക്കം പാര്‍ട്ടി നേതാക്കളെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തിൽ പൊലീസിനെ ന്യായീകരിക്കും വിധം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് കാനം സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ നഗരത്തിൽ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ
ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം ലഭിക്കുമോ ? പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ കേസ് ഇന്ന് കോടതി പരിഗണിക്കും