
കോഴിക്കോട്: ജോർജ്ജ് എം തോമസിനെതിരെ സിപിഎം അന്വേഷണകമ്മീഷൻ കണ്ടെത്തിയത് ഗുരുതരമായ കുറ്റങ്ങൾ. പീഡന കേസിലെ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടു, പ്രതിയിൽ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി നൽകി, നാട്ടുകാരനിൽ നിന്ന് വഴി വീതി കൂട്ടാനായി മധ്യസ്ഥനെന്ന നിലയിൽ ഒരു ലക്ഷം രൂപാ വാങ്ങി, ക്വാറി മുതലാളിമാരെക്കൊണ്ട് വീട് നിർമ്മാണത്തിന് സാമഗ്രികൾ വാങ്ങിപ്പിച്ചു തുടങ്ങിയ ഗൗരവമുള്ള ആരോപണങ്ങളാണ് റിപ്പോർട്ടിൽ ശരിവെച്ചത്.
എംഎൽഎ എന്ന നിലയ്ക്ക് പദവിയുപയോഗിച്ചുവെന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് ഇതിനൊക്കെ ജോർജ്ജ് എം തോമസ് അന്വേഷണക്കമ്മീഷന് നൽകിയത്. ജോർജ്ജ് എം തോമസിനെതിരായി ജില്ലാ കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ ഇങ്ങനെ.
ജോർജ്ജ് എം തോമസ് എം എൽഎ ആയിരുന്ന 2006 -2011. 2016-21 കാലയളവിലുമാണ് ക്രമക്കേടുകൾ നടന്നതെന്ന് റിപ്പോർട്ടിലുണ്ട്. പരാതിക്കാരായ പാർട്ടി നേതാക്കളും നാട്ടുകാരും തെളിവ് സഹിതമാണ് മൊഴി നൽകിയത്. വഴി വികസനത്തിന് പണവുമായി സമീപച്ചയാൾക്ക് അതേ നോട്ടു കെട്ടു തിരിച്ചെറിഞ്ഞ് കൊടുത്തു എന്നാണ് ജോർജ്ജ് എം തോമസ് കമ്മീഷന് മറുപടി നൽകിയത്. എന്നാൽ മറ്റ് ആരോപണങ്ങളിൽ എംഎൽഎ എന്ന നിലയ്ക്കുള്ള അവകാശം വിനിയോഗിച്ചു എന്നാണ് വിശദീകരിച്ചത്. ഈ മറുപടികൾ തള്ളിയാണ് ഒടുവിൽ പാർട്ടി നടപടിയെടുത്തത്.
കേസിലിടപ്പെട്ട് ഇല്ലാതാക്കി എന്ന ആരോപണത്തിന്റെ തെളിവ് പുറത്ത് വന്നാൽ ക്രിമിനൽ വകുപ്പുകളനുസരിച്ച് ജോർജ്ജിനെതിരെ നടപടിയെടുക്കാം. എംഎൽഎ എന്ന നിലയ്ക്ക് പണം വാങ്ങിയത് വിജിലൻസ് അന്വേഷണത്തിനും വഴി തുറക്കും. അതിനാൽ പാർട്ടിക്ക് പുറത്തേക്ക് അന്വേഷണം നീളാതിരിക്കാനായി പാർട്ടി റിപ്പോർട്ട് പുറത്ത് വരാതിരിക്കാനാവും സിപിഎം ശ്രമിക്കുകയെന്ന വിലയിരുത്തലുമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam