
തിരുവനന്തപുരം: എച്ച് ഡി കുമാരസ്വാമി എൻഡിഎ സർക്കാരിൽ മന്ത്രിയായതോടെ ഉടൻ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ കേരള ജെഡിഎസിന് സിപിഎം അന്ത്യശാസനം നൽകി. 10 മാസത്തോളമായി ഒളിച്ചുകളി തുടരുന്ന കേരള ജെഡിഎസ് തുടർ നടപടി സ്വീകരിക്കാൻ 18ന് നേതൃയോഗം വിളിച്ചു. എൻഡിഎ ബന്ധമുള്ള പാർട്ടി ഒപ്പമുണ്ടായിട്ടും സിപിഎമ്മും ഇതുവരെ തുടർന്ന മെല്ലെപ്പോക്ക് ആര്‍ജെഡിയുടെ പരസ്യ വിമര്‍ശനത്തിന് പിന്നാലെയാണ് അവസാനിപ്പിച്ചത്.
കേന്ദ്രത്തിൽ മൂന്നാം മോദി സർക്കാരിലും കേരളത്തിൽ ഇടത് സർക്കാരിലും ഒരു പോലെ കക്ഷിയായി തുടരുന്ന പാര്‍ട്ടിയാണ് ജെഡിഎസ്. എച്ച് ഡി കുമാരസ്വാമി മൂന്നാം മോദി സർക്കാറിൽ മന്ത്രിയാണെങ്കിൽ അതേ പാർട്ടിയുടെ കേരള പ്രതിനിധി കെ കൃഷ്ണൻ കുട്ടി പിണറായി സർക്കാരിൽ മന്ത്രിയാണ്. സെപ്തംബറിൽ ജെഡിഎസ് എൻഡിഎയിൽ ചേർന്നത് മുതൽ വിവാദങ്ങളുണ്ട്. ബിജെപി ബന്ധം മുറിക്കുമെന്ന കേരള ജെഡിഎസ് നേതാക്കൾ പലതവണ പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. പുതിയ പാർട്ടി ഉണ്ടാക്കുമെന്ന് പറഞ്ഞിട്ട് ഒരു മാസമായിട്ടും പ്രഖ്യാപനം വാക്കിൽ ഒതുങ്ങി.
ബിജെപിക്കൊപ്പമില്ലെന്ന് പറയുമ്പോഴും കെ കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും നയിക്കുന്ന പാർട്ടി ജെഡിഎസായി തന്നെ തുടരുകയാണ്. എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയോടെ വീണ്ടും വിവാദം മുറുകിയതോടെയാണ് സിപിഎം അനങ്ങിയത്. രാജ്യസഭാ സീറ്റ് കിട്ടാത്ത ആർജെഡി ഇടത് കൂറ് ഉറപ്പിച്ചു പറയുന്നതിനിടെ ജെഡിഎസിൻറെ എൻഡിഎ ബന്ധം കുത്തിപ്പറയുകയും ചെയ്തിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെയാണ് നിലപാട് വ്യക്തമാക്കാൻ സിപിഎം വീണ്ടും ജെഡിഎസിനോട് ആവശ്യപ്പെട്ടത്.
യുപിയിൽ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടിയിൽ ലയിക്കണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. അതല്ല പുതിയ പാർട്ടി വേണമെന്നും ആവശ്യമുണ്ട്. മുഴുവൻ എംഎൽമാരും പാർട്ടി ഭാരവാഹികളും മറ്റൊരു പാർട്ടിയിൽ ചേർന്നാൽ കൂറുമാറ്റ നിരോധന പ്രശ്നമില്ലെന്ന് ഒരു വിഭാഗം നേതാക്കൾ പറയുന്നുണ്ട്. പക്ഷെ ദേവ ഗൗഡയുമായുള്ള ബന്ധം മുറിക്കാൻ കേരള നേതാക്കൾക്ക് മടി മാറുന്നില്ല. എച്ച് ഡി ദേവ ഗൗഡ വിപ്പ് നൽകിയാൽ എംഎൽഎമാരായ കൃഷ്ണൻകുട്ടിക്കും മാത്യു ടി തോമസിനും പ്രശ്നമാകുമോ എന്ന ആശങ്കയും ഇപ്പോഴും ഒരു വിഭാഗം നേതാക്കൾക്കുണ്ട്. ഈ മാസം 18 നും തീരുമാനമില്ലെങ്കിൽ പാർട്ടിയിൽ നിന്നും ഒരുവിഭാഗം പുറത്തേക്ക് പോകാനും സാധ്യത ഏറെയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam