
പത്തനംതിട്ട: മന്ത്രി വീണാ ജോർജ്ജിന്‍റെ ഭർത്താവിനെതിരായ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗത്തിന്റെ പരസ്യ ആരോപണത്തിൽ സിപിഎം നേതൃത്വത്തിനു കടുത്ത അതൃപ്തി. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റും മുതിർന്ന നേതാവുമായ കെകെ ശ്രീധരനോട് പാർട്ടി വിശദീകരണം തേടും. അതേസമയം, മന്ത്രിയുടെ ഭർത്താവ് ഇടപെട്ട് ഏഴകുളം - കൈപ്പട്ടൂർ റോഡ് നിർമാണം അട്ടിമറിക്കുന്നു എന്നാരോപിച്ച് കൊടുമണ്ണിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസിനുള്ള പ്രതികരണത്തിലാണ് കെക ശ്രീധരൻ മന്ത്രിയുടെ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ചത്. ഏഴംകുളം - കൈപ്പട്ടൂർ റോഡ് നിർമാണത്തിന്റെ ഭാഗമായി കൊടുമൺ സ്റ്റേഡിയം ഭാഗത്ത് ഓവുചാലിൻ്റെ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്നാണ് ആക്ഷേപം. സ്വന്തം കെട്ടിടത്തിന്റെ മുൻഭാഗം സംരക്ഷിക്കാൻ മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ഭരണ സ്വാധീനം ഉപയോഗിക്കുന്നുവെന്നും സിപിഎം നേതാവ് ആരോപിച്ചിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു കൊടുമണ്ണിൽ നേരിട്ടെത്തി ഓട നിർമാണം അതിവേഗം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി മടങ്ങി. തൊട്ടുപിന്നാലെയാണ് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് തന്നെ ഓടയുടെ നിർമാണം തടഞ്ഞത്. പിന്നാലെ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി കൊടികുത്തി. ഭർത്താവിന് എതിരായ മുതിർന്ന നേതാവിന്റെ ആരോപണം മന്ത്രി വീണാ ജോർജിനെയും പ്രതിരോധത്തിലാക്കി.
40 കോടി ചെലവിട്ടുള്ള റോഡ് നിർമാണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് കൊടുമണ്ണിൽ യുഡിഎഫ് ഹര്‍ത്താൽ പ്രഖ്യാപിച്ചത്. ഇതോടെ പാർട്ടിയും മന്ത്രിയും കൂടുതൽ പ്രതിരോധത്തിലായി. എന്നാൽ ഓവുചാലിൻ്റെ അലൈൻമെന്‍റിൽ താൻ ഇടപെട്ട് മാറ്റം വരുത്തിയെന്ന ആക്ഷേപം അടിസ്ഥാനരഹിതമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ്. അലൈൻമെന്‍റ് പ്രകാരം ജോർജ്ജ് ജോസഫിൻ്റെ കെട്ടിടത്തിന് മുൻപിൽ ഓടയ്ക്ക് വളവ് ഉണ്ടെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam