
കൊല്ലം: സിപിഎമ്മിൻ്റെ കൊല്ലം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പാർട്ടി റിപ്പോർട്ടിൽ സിപിഐക്കെതിരെ വിമർശനം. കൊല്ലത്തെ സിപിഐയിലെ വിഭാഗീയത തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലെ വോട്ടുചോർച്ചയ്ക്ക് പ്രധാന കാരണമായെന്നാണ് സിപിഎം വിലയിരുത്തുന്നത്. കരുനാഗപ്പള്ളിയിലെ കനത്ത തോൽവിക്ക് പ്രധാനപ്പെട്ട കാരണം സിപിഐയിലെ പ്രശ്നമാണെന്ന് റിപ്പോർട്ടിൽ വിമർശിക്കുന്നു.
കൊല്ലത്ത് എം.മുകേഷിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി പാർട്ടി ഘടകങ്ങളിൽ അഭിപ്രായ ഭിന്നത ഉണ്ടായത് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്ന് റിപ്പോർട്ടിൽ വിമർശിക്കുന്നു. കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാഞ്ഞതാണ് കുണ്ടറ സീറ്റിലെ പരാജയത്തിന് കാരണമായത് എന്നാണ് സിപിഎം റിപ്പോർട്ടിൽപറയുന്നത്.
കൊല്ലത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുതിർന്ന നേതാക്കൾ വീഴ്ച വരുത്തിയെന്ന വിമർശനവും സമ്മേളന റിപ്പോർട്ടിൽ സിപിഎം നേതൃത്വം നടത്തുന്നുണ്ട്. ചടയമംഗലത്തും കൊട്ടാരക്കരയിലും ഭൂരിപക്ഷം കുറഞ്ഞത് ഗൗരവമായി കാണണമെന്ന് മുന്നറിയിപ്പ് നൽകുന്ന റിപ്പോർട്ട് ചാത്തന്നൂരിൽ ഇടതുവോട്ടുകളും ബിജെപിയിലേക്ക് പോകുന്ന സാഹചര്യം ഉണ്ടായെന്ന് വിമർശിക്കുന്നു. കൊല്ലം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് നിർണായകമായ ഈ കണ്ടെത്തലുകളുള്ളത്.