
പത്തനംതിട്ട: ബിജെപിയിലേക്കില്ലെന്ന് പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയംഗം പത്മകുമാർ. എസ്‌ഡിപിഐയിൽ ചേർന്നാലും ബിജെപിയിൽ ചേരില്ല. ബിജെപി ജില്ലാ പ്രസിഡൻ്റും മറ്റൊരാളും താൻ ഇല്ലാത്ത സമയത്ത് വീട്ടിൽ വന്നു. അനുവാദം വാങ്ങാതെയാണ് വീട്ടിലെത്തിയത്. ഇവർ മുറിയുടെ ചിത്രം പകർത്തിയ ശേഷം തിരികെ പോയി. താൻ ഒരിക്കലും ബിജെപിയിലേക്ക് ഇല്ലെന്ന് ജില്ലാ പ്രസിഡൻറ് വി എ സൂരജിനെ പരസ്യമായി അറിയിക്കുന്നുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് നടത്തിയ പ്രതികരണത്തിൽ വ്യക്തമാക്കി.
ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ബിജെപി നേതാക്കൾ പത്മകുമാറിൻ്റെ ആറന്മുളയിലെ വീട്ടിലെത്തിയത്. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് വി എ സൂരജ് , ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ എന്നിവരാണ് പതമകുമാറിൻ്റെ വീട്ടിലെത്തിയത്. വൈകിട്ട് 7 മണിയോടെയാണ് നേതാക്കൾ ആറന്മുളയിലെ വീട്ടിലെത്തിയത്. 15 മിനിറ്റിന് ശേഷം ഇവിടെ നിന്ന് മടങ്ങി. എന്നാൽ പ്രതികരണത്തിന് ബിജെപി നേതാക്കൾ തയ്യാറായില്ല.
താൻ ആരുമായൂം കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നാണ് പത്മകുമാർ പറയുന്നത്. എസ്ഡിപിഐയിൽ ചേർന്നാലും ബിജെപിയിൽ ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സമ്മേളനത്തിന് പിന്നാലെ പത്മകുമാർ പരസ്യമായി ഉന്നയിച്ച അക്ഷേപങ്ങൾ ചർച്ച ചെയ്യാൻ ബുധനാഴ്ച സിപിഎം ജില്ല കമ്മിറ്റി ചേരുന്നുണ്ട്. അതിൽ അച്ചടക്ക നടപടി അടക്കം തീരുമാനിക്കും. അതിനുശേഷം പത്മകുമാറിമായി കൂടുതൽ ആശയ വിനിമയം നടത്താനാണ് ബിജെപി - കോൺഗ്രസ് നേതൃത്വങ്ങളുടെ തീരുമാനം. എന്നാൽ താൻ ഒരിക്കലും സിപിഎം വിടില്ലെന്ന് പത്മകുമാർ ആവർത്തിക്കുന്നുണ്ട്.
മന്ത്രിയെന്ന നിലയിൽ വീണ ജോർജിനോട് ഒരു പരിഭവും ഇല്ലെന്നും അടുത്ത കാലത്ത് പാർട്ടിയിലെത്തിയ വീണയെ വളരെ വേഗം സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവ് ആക്കിയതിലാണ് കടുത്ത അതൃപ്തിയെന്നുമാണ് പദ്മകുമാർ പറയുന്നത്. സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിയപ്പോയ ശേഷം അതൃപ്തി പരസ്യമാക്കി ഫേസ്ബുക്കിലിട്ട പോസ്റ്റ് പത്മകുമാർ പിൻവലിച്ചിരുന്നു. എന്നാൽ തന്നോട് ചതിവും വഞ്ചനയും കാട്ടിയെന്ന നിലപാടിൽ പത്മകുമാർ ഉറച്ചുനിൽക്കുന്നു. പരസ്യപ്രതിഷേധം അവസാനിപ്പിക്കാൻ ജില്ലാ സെക്രട്ടറി തന്നെ നേരിട്ട് ഇറങ്ങുകയും പദ്മകുമാറിൻ്റെ ആറന്മുളയിലെ വീട്ടിലെത്തി സംസാരിക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പത്മകുമാറുമായി കയ്യാങ്കളിയിലേർപ്പെട്ട സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.ബി ഹർഷകുമാറും രാജു എബ്രഹാമിനൊപ്പമുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam