
മൂവാറ്റുപുഴ: മുതിർന്ന സിപിഎം നേതാവ് ഗോപി കോട്ടമുറിക്കലിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജി വെച്ചു. ബാങ്കിലെ രണ്ട് ജീവനക്കാരെ സസ്പെന്റ് ചെയ്തു. ജപ്തി വിവാദത്തെ തുട൪ന്ന് പാർട്ടി നിർദ്ദേശപ്രകാരമാണ് രാജി. ഡെപ്യൂട്ടി ജനറൽ മാനേജർ ഷാന്റി, ബ്രാഞ്ച് മാനേജർ സജീവൻ എന്നിവർക്കാണ് സസ്പെൻഷൻ. ജപ്തി നടപടിയിൽ ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിവാദത്തെ തുടർന്ന് നേരത്തേ ബാങ്ക് സിഇഒയും രാജിവെച്ചിരുന്നു. ബാങ്ക് ഭരണസമിതി യോഗം ബാങ്കിൽ ചേരുകയാണ്.
രാജി കേരള ബാങ്കിന്റെ ചെയർമാൻ എന്ന നിലയിലുള്ള തിരക്കുകൾ കാരണമാണെന്ന് ഗോപി കോട്ടമുറിക്കൽ പ്രതികരിച്ചു. മൂവാറ്റുപുഴ ജപ്തി വിവാദത്തിൽ ബാങ്കിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചു. സർക്കാരിന്റെ നയത്തിന് വിരുദ്ധമായ നടപടിയാണ് ഉണ്ടായത്. ജപ്തിക്ക് മുമ്പ് കുടുംബത്തിന് മറ്റൊരു താമസ സൗകര്യം ഒരുക്കണമായിരുന്നു. ധാർമ്മിക ഉത്തരവാധിത്തം തനിക്കുണ്ട്. ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പായിപ്ര സ്വദേശി അജേഷിന്റെ വീട് ജപ്തി ചെയ്ത സംഭവത്തിന് പിന്നാലെയാണ് രാജി. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ജപ്തിയെന്ന് സിപിഎം നിയന്ത്രണത്തിലുള്ള മൂവാറ്റുപുഴ അര്‍ബൻ ബാങ്ക് ന്യായീകരിക്കുമ്പോഴാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാൻ സഹകരണമന്ത്രി തീരുമാനിച്ചത്. നടപടിക്ക് മന്ത്രി ഉത്തരവിട്ടതിന് പിന്നാലെയാണ് മൂവാറ്റുപുഴ അര്‍ബൻ ബാങ്ക് സിഇഒ ജോസ് കെ പീറ്റര്‍ രാജി വച്ചത്. നിയമപരമായാണ് ജപ്തി നടത്തിയതെന്നും വിഷയത്തിൽ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ രാഷ്ട്രീയം കളിച്ചതാണെന്നും ജോസ് കെ പീറ്റര്‍ ആരോപിച്ചിരുന്നു.
ഏപ്രിൽ മൂന്ന് ശനിയാഴ്ചയാണ് വിവാദത്തിന് കാരണമായ സംഭവം. ഫോട്ടോഗ്രാഫറായ അജേഷിന്റെ ആകെയുള്ള ചെറിയ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് ചികിത്സക്കായി എറണാകുളത്ത് ആയിരുന്നു. പത്തും പതിമൂന്നും വയസ്സുള്ള പെണ്‍കുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇത് പരിഗണിക്കാതെയാണ് ബാങ്ക് ജീവനക്കാർ വീട് പൂട്ടി സീൽ ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam