P V Anvar about Tharoor : 'പാവം ശശി തരൂ‍ർ', എംപിയെ പ്രശംസിച്ചും കോൺ​ഗ്രസ് നേതാക്കളെ വിമർശിച്ചും പി വി അൻവർ

By Web TeamFirst Published Dec 18, 2021, 9:04 AM IST
Highlights

ഇന്നലെ ഫേസ്ബുക്കിൽ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് നാടിന് ആവശ്യമായ വികസനമുന്നേറ്റം വേണമെന്ന് തരൂ‍ർ കുറിച്ചത്. 

മലപ്പുറം: ലുലു ​മാൾ ഉദ്ഘാടനത്തിനിടെ (Lulu Mall) മുഖ്യമന്ത്രി പിണറായി വിജയന്റെ (Pinarayi Vijayan) വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച എം പി ശശി തരൂരിനെ (Shashi Tharoor) പാവം എന്ന് വിശേഷിപ്പിച്ച് പി വി അൻവ‍ർ (P V Anvar) എംഎൽഎ. സ‍ർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണെന്ന് ബോധ്യമുള്ള ഒരേ ഒരു കോൺ​ഗ്രസ് (Congress) നേതാവ് തരൂർ മാത്രമാണെന്നാണ് അൻവ‍ർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ (Facebook Post) പറഞ്ഞത്. 

ഇന്നലെ ഫേസ്ബുക്കിൽ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് നാടിന് ആവശ്യമായ വികസനമുന്നേറ്റം വേണമെന്ന് തരൂ‍ർ കുറിച്ചത്. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ വികസന കാഴ്ചപ്പാടിനെ തരൂ‍ർ പ്രശംസിച്ചത്. ‌സിൽവ‍ർ ലൈൻ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാ‍ർ കേന്ദ്ര റെയിൽവെ മന്ത്രിക്ക് നിവേദനത്തിൽ ഒപ്പുവയ്ക്കാൻ തരൂർ തയ്യാറായിരുന്നില്ല. ഇത് ച‍ർച്ചയായിരുന്നു. ഇതോടെ കോണ​ഗ്രസിനുള്ളിൽ നിന്നുതന്നെ തരൂരിനെതിരെ വിമർശനം ഉയരുന്നുണ്ട്. 

പി വി അൻവറിന്റെ പോസ്റ്റ് 

കോൺഗ്രസുകാർ ഇപ്പോൾ രണ്ട്‌ തരത്തിലുണ്ട്‌.
ഒന്ന്:-
എന്ത്‌ സംഭവിച്ചാലും വേണ്ടില്ല..സംസ്ഥാനത്ത്‌ ഒരു വികസന പ്രവർത്തനങ്ങളും നടക്കരുത്‌..അതിനെയെല്ലാം പല്ലും നഖവും ഉപയോഗിച്ച്‌ എതിർക്കണം..അങ്ങനെ ഇവിടെ ഒന്നും നടന്നിട്ട്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോട്‌ ജനങ്ങൾക്ക്‌ താൽപര്യം തോന്നണ്ട
എന്ന ചിന്താഗതിയുള്ളവർ.
രണ്ട്‌:-
രാഷ്ട്രീയത്തേക്കാളുപരി..
സംസ്ഥാനത്തിൽ നടപ്പാകുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക്‌ വേണ്ടിയാണെന്ന ഉത്തമ ബോധ്യമുള്ളവർ..
ദൗർഭാഗ്യവശാൽ എല്ലാ കോൺഗ്രസുകാരും ഒന്നാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നു..
രണ്ടാമത്തെ വിഭാഗത്തിൽ പാവം ശശി തരൂർ മാത്രവും

തരൂരിനെതിരെ കോൺഗ്രസ്

കേരളത്തെ വ്യവസായ സൗഹൃദമാക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയെന്ന അഭിനന്ദനം പിണറായി വിജയന് നൽകിയ തരൂർ, കെ റെയിൽ പ്രോജക്ടിനെ ഇതുവരെയും പരസ്യമായി എതിർത്തിട്ടില്ല. മാത്രമല്ല സിൽവർ ലൈൻ പദ്ധതിക്കെതിരെ എടുത്ത് ചാടിയുള്ള പ്രതിഷേധത്തിന്‍റെ ആവശ്യമില്ലെന്നും തരൂർ പറഞ്ഞിരുന്നു. വ്യക്തിപരമായ നിലപാടാണ് ഇക്കാര്യത്തിലെന്ന് പറഞ്ഞ തരൂർ കൂടുതൽ പഠനങ്ങളും ചർച്ചകളും വേണമെന്നും സിൽവർ ലൈൻ പദ്ധതിക്ക് രണ്ട് വശമുണ്ടെന്നും കൂട്ടിച്ചേർത്തിരുന്നു. തരൂരിന്‍റെ പരസ്യ നിലപാടുകളിൽ സംസ്ഥാന കോൺഗ്രസിനുള്ളിലെ പ്രതിഷേധങ്ങളും കനക്കുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ അതിരൂക്ഷ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെ തരൂരിന്‍റെ നിലപാട് പാർട്ടി അന്വേഷിക്കുമെന്ന് വ്യക്തമാക്കി കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതികരണം നടത്തിയിരുന്നു.

click me!