
പത്തനംതിട്ട: വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന പ്രസംഗം ന്യായീകരിച്ച് സിപിഎം നേതാവ്. സിപിഎം പത്തനംതിട്ട തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രതികരണത്തിൽ ഇനിയും അങ്ങനെ തന്നെ പറയുമെന്നും മുൻപും അങ്ങനെ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. പ്രതിഷേധം സംഘടിപ്പിക്കുമ്പോൾ സ്വാഭാവികമായി വരുന്ന പ്രയോഗങ്ങളാണെന്നും നടത്തുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും പറഞ്ഞ അദ്ദേഹം നാട്ടുകാരുടെ പ്രശ്നങ്ങൾക്ക് മുഖ്യ പരിഗണന നൽകുമെന്നും വ്യക്തമാക്കി.
അടവി കൊട്ടവഞ്ച് കേന്ദ്രത്തിൽ സിഐടിയു യൂണിറ്റ് രൂപീകരിച്ച് ഇക്കോ ടൂറിസം കേന്ദ്രത്തിൽ കൊടിമരം സ്ഥാപിച്ചുവെന്ന് പ്രവീൺ പറഞ്ഞു. ആ കൊടിമരം ഉദ്യോഗസ്ഥര്‍ നീക്കിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഒട്ടനവധി കൊടിമരം അവിടെ നിൽക്കുന്നുണ്ട്. അതൊന്നും നീക്കിയിട്ടില്ല. അതിനാലാണ് പ്രതിഷേധ യോഗം നടത്തിയത്. സിപിഎമ്മിൻ്റെ നേതൃത്വത്തിൽ അവിടേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ വാഴുന്ന നാടായി മാറ്റാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. അത് നടക്കില്ല. 2023 ഫെബ്രുവരിയിൽ മൂര്‍ഖൻ പാമ്പിനെ റോഡിൽ അഴിച്ചുവിട്ടതിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ഇടിവള വെച്ച് പഞ്ചായത്തംഗത്തെ ആക്രമിക്കാൻ ചെല്ലുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. നാട്ടുകാരുടെ പ്രശ്നങ്ങളിലാണ് സിപിഎം ഇടപെടുന്നത്. അത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam