
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലും മറ്റ് സ്ഥലങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് എറണാകുളത്ത് മാർച്ച് നടത്തിയ സി.പി.ഐ(എം) നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിനെതിരെ എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ്, കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്, സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. അരുൺ കുമാർ, മുൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പ്രവർത്തകർക്കെതിരെയാണ് കേസ്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് പ്രതിഷേധ മാർച്ച് നടത്തിയത്. സിപിഎം എറണാകുളം ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച് പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴി മേനക ജംഗ്ഷനിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ചിൽ പങ്കെടുത്തവർ നിയമവിരുദ്ധമായി സംഘം ചേരുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതായും, വലിയ രീതിയിലുള്ള ഗതാഗത തടസ്സം സൃഷ്ടിച്ചതായും എഫ്.ഐ.ആറിൽ കുറ്റപ്പെടുത്തുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 173 പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ, ബിഎൻഎസ് 189(2), 191(2), 190, 285 വകുപ്പുകളും 2011-ലെ കേരള പബ്ലിക് വേയ്‌സ് ആക്ട് സെക്ഷൻ 6 ഉം ചുമത്തിയിട്ടുണ്ട്. എറണാകുളം സെൻട്രൽ പോലീസ് സബ് ഇൻസ്പെക്ടർ രാംലാൽ എ.ആർ ആണ് കേസിൽ പരാതിക്കാരൻ. ഗ്രേഡ് എസ്.ഐ രാജേഷ് കെ. ചെല്ലപ്പനാണ് കേസ് അന്വേഷിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam