
ആലപ്പുഴ : സിപിഎം മുൻ എംപി ടി ജെ ആഞ്ചലോസിനെ പുറത്താക്കിയത് കള്ള റിപ്പോർട്ടിലൂടെയെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. 28 വർഷം മുൻപുള്ള പാർട്ടി നടപടിയിലാണ് മുതിർന്ന നേതാവിന്റെ തുറന്നു പറച്ചിൽ. നിലവിൽ സിപിഐ ജില്ലാ സെക്രട്ടറിയാണ് ടിജെ ആഞ്ചലോസ്.
1996ലെ ലോക്സഭയിലെ സി എസ് സുജാതയുടെ തോൽവിയിലായിരുന്നു നടപടി. സുജാതയുടെ തോൽവിയിൽ ബോധപൂർവ്വം പ്രവർത്തിച്ചുവെന്നാരോപിച്ച് ആഞ്ചലോസിനെ പുറത്താക്കുകയായിരുന്നു. തന്നെ അധ്യക്ഷനാക്കി തന്നോട് പറയാതെയായിരുന്നു അജണ്ട ചർച്ചക്ക് വെച്ചതെന്നും തന്നെ ചതിച്ചതാണെന്നും സുധാകരൻ പറഞ്ഞു. ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ ഇരുട്ടടിയെന്നും ജി സുധാകരൻ ആര്യാട് നടന്ന സിപിഐയുടെ പരിപാടിയിൽ പറഞ്ഞു. അന്ന് സിപിഎം പുറത്താക്കിയത് കൊണ്ടാണ് സിപിഐക്ക് നല്ല സെക്രട്ടറിയെ ലഭിച്ചതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. സിപിഐ പരിപാടിയിലായിരുന്നു ജി സുധാകരന്റെ തുറന്ന് പറച്ചിൽ