
തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിൻ്റെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ദുരൂഹമാണെന്ന് കണ്ടെത്തലുള്ള ഡിജിപിയുടെ റിപ്പോർട്ട് നിയമസഭയിൽ വെച്ച് മുഖ്യമന്ത്രി. സ്വകാര്യ സന്ദർശനമെന്ന എഡിജിപിയുടെ വാദം തള്ളുന്ന റിപ്പോർട്ട് കൂടിക്കാഴ്ച സർവ്വീസ് നേട്ടങ്ങൾക്ക് വേണ്ടിയാണെങ്കിൽ ചട്ടലംഘനമാണെന്നും വിമർശിക്കുന്നു. മാമി തിരോധാന കേസിൽ അന്വേഷണ മേൽനോട്ടത്തിൽ അജിത് കുമാറിന് വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പി വി അൻവറിൻ്റെ മറ്റ് ആരോപണങ്ങൾ തള്ളുന്നു.
സഭാ സമ്മേളനം തീരുന്ന ദിവസം സിപിഎമ്മിൻ്റെ രാഷ്ട്രീയ തീരുമാനമനുസരിച്ചായിരുന്നു റിപ്പോർട്ട് മേശപ്പുറത്ത് വെക്കൽ. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ്റെ സബ് മിഷൻ്റെ മറുപടിയിലാണ് മുഖ്യമന്ത്രി റിപ്പോർട്ട് പരസ്യമാക്കിയത്. ദത്താത്രേയ ഹൊസബാളെയും രാം മാധവിനെയും കണ്ടത് സ്വകാര്യ സൗഹൃദസന്ദർശനത്തിൻ്റെ ഭാഗമായാണെന്നാണ് എഡിജിപിയുടെ വിശദീകരണം. എല്ലാ രാഷ്ട്രീയ നേതാക്കളെയും കാണുംപോലെയാണിതെന്നാണ് നിലപാട്. ഈ വിശദീകരണം തള്ളിയാണ് ഡിജിപിയുടെ റിപ്പോർട്ട്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യവാഹനത്തിൽ പോയത് എന്തിനാണെന്നാണ് റിപ്പോർട്ടിലെ സംശയം. അടച്ചിട്ടമുറിയിലുള്ള ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ സാക്ഷികളില്ല. കൂടിക്കാഴ്ചയുടെ ലക്ഷ്യം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സർവ്വീസ് നേട്ടങ്ങൾക്ക് വേണ്ടിയാണ് സന്ദർശനമെന്ന ആരോപണമുണ്ട്. അങ്ങനെയെങ്കിൽ ഗുരുതര ചട്ടലംഘനമാണ് എഡിജിപിയുടെ ഭാഗത്തു നിന്നുണ്ടായത്.
മേശപ്പുറത്ത് വെച്ച രണ്ടാം റിപ്പോർട്ട് അൻവറിൻ്റെ പരാതികളിലെ അന്വേഷണത്തെ കുറിച്ചുള്ളതാണ്. ഇതിൽ മാമി തിരോധാന കേസിൻ്റെ മേൽനോട്ടത്തിൽ എഡിജിപിക്ക് വീഴ്ചയുണ്ടായിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് നടന്ന സംഭവത്തിൽ അന്വേഷണം മേൽനോട്ടം മലപ്പുറം എസ്പിക്ക് കൈമാറിയത് അനുചിതമായി. പി ശശിക്കെതിരായ ആരോപണം അന്വേഷണ പരിധിയിൽ വന്നിട്ടില്ല. സാമ്പത്തിക ആരോപണങ്ങൾ വിജിലൻസ് അന്വേഷിക്കുന്നുണ്ട്. അൻവറിൻ്റെ ബാക്കി ആരോപണങ്ങൾ തെളിവുകളിലാതെ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആർഎസ്എസ് കൂടിക്കാഴ്ചയിലും മാമി കേസിലും വീഴ്ച കണ്ടെത്തിയിട്ടും അജിത് കുമാറിനെതിരെ എടുത്തത് പേരിനൊരു സ്ഥാനമാറ്റം മാത്രമായിരുന്നു. അതേസമയം, പൂരം കലക്കലിലെ എഡിജിപിയുടെ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം