'ഏജൻസികൾക്ക് രാഷ്ട്രീയലാക്ക്', സിബിഐക്ക് കടിഞ്ഞാൺ? മുഖ്യമന്ത്രി തീരുമാനിക്കും, പിന്തുണച്ച് സിപിഐ

By Web TeamFirst Published Oct 24, 2020, 12:24 PM IST
Highlights

കേന്ദ്രഏജൻസികൾ രാഷ്ട്രീയലാക്കോടെ പ്രവർത്തിക്കുന്നതിനാലാണ് ഇത്തരമൊരു നിർദേശം സിപിഎമ്മിന് മുന്നോട്ടുവയ്ക്കേണ്ടി വന്നതെന്ന് നിയമമന്ത്രി റിപ്പോർട്ടുകൾ സ്ഥിരീകരിച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവസാനതീരുമാനം മുഖ്യമന്ത്രിയുടേതാകും.

തിരുവനന്തപുരം: കേന്ദ്രഏജൻസികൾ വിവിധ കേസുകളിലായി സംസ്ഥാനസർക്കാരിനെയും കേരളത്തെയും വളയുന്നതിനിടെ, ഇത് തടയാനായി രാഷ്ട്രീയനീക്കവുമായി സിപിഎം. മഹാരാഷ്ട്ര, പശ്ചിമബംഗാൾ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ ചുവടുപിടിച്ച്, സംസ്ഥാനത്ത് സിബിഐയ്ക്ക് കേസെടുക്കുന്നതിൽ പൊതുഅനുമതി നൽകിയത് പിൻവലിക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് സിപിഎം സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതാകുമെന്ന് നിയമമന്ത്രി എ കെ ബാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏജൻസികൾ രാഷ്ട്രീയലാക്കോടെ പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇത്തരത്തിലൊരു നീക്കം ആലോചിക്കേണ്ടി വന്നതെന്നും എ കെ ബാലൻ പറഞ്ഞു. 

ദില്ലി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റ് നിയമപ്രകാരമാണ് സിബിഐ കേസുകൾ അന്വേഷിക്കുന്നത്. ഓരോ സംസ്ഥാനത്തും അന്വേഷണത്തിന് അതത് സംസ്ഥാനങ്ങളുടെ സമ്മതം സിബിഐയ്ക്ക് ആവശ്യമുണ്ട്. കേരളം ഉൾപ്പടെ മിക്ക സംസ്ഥാനങ്ങളും ഇതിനായി പൊതു അനുമതി മുൻകൂട്ടി നൽകിയതാണ്. ഇത് പിൻവലിക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നു. 

ലൈഫ് പദ്ധതിയിൽ സിബിഐ അന്വേഷണം വന്നപ്പോൾ ഇത് നിയന്ത്രിക്കുന്ന കാര്യത്തിൽ ഓർഡിനൻസ് കൊണ്ടുവരികയോ, ഈ അനുമതി പിൻവലിക്കുകയോ ചെയ്യണമെന്ന തരത്തിലുള്ള ചർച്ച പാർട്ടിക്കകത്തും, സർക്കാർ തലത്തിലും ഉയർന്ന് വന്നിരുന്നതാണ്. എന്നാൽ അപ്പോഴത് മോശം പ്രതിച്ഛായയുണ്ടാക്കുമെന്ന് കണക്കുകൂട്ടിയ സർക്കാർ, സിബിഐ അന്വേഷണം മതിയെന്ന് തൽക്കാലം തീരുമാനിക്കുകയായിരുന്നു,

എന്നാൽ പിന്നീടങ്ങോട്ട് കേന്ദ്രഏജൻസികൾ വിവിധ കേസുകൾ ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയപ്പോഴാണ്, സംസ്ഥാനത്തിന്‍റെ അനുമതി ഓരോ കേസും പരിശോധിച്ച് മാത്രം നൽകിയാൽ മതിയെന്ന നിലപാടിലേക്ക് പോകാൻ സർക്കാരും പാർട്ടിയും പോയത്. 

'സിബിഐ വി മുരളീധരന്‍റെ കുടുംബസ്വത്തല്ല', പിന്തുണയുമായി സിപിഐ

കേന്ദ്രഏജൻസികൾക്ക് സംസ്ഥാനത്തിന്‍റെ അനുമതിയോടെ മാത്രമേ ഒരു കേസിൽ അന്വേഷണം നടത്താനാകൂ എന്ന നിലപാടിലേക്ക് നീങ്ങുന്ന കാര്യം ആലോചിക്കുന്നതിൽ സിപിഎമ്മിനും സർക്കാരിനും സിപിഐയുടെ നിരുപാധിക പിന്തുണ. സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനാണ് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോൾ നിലപാട് വ്യക്തമാക്കിയത്. ഇത് പാടില്ലെന്ന് പറയാൻ കേന്ദ്രമന്ത്രി വി മുരളീധരന്‍റെ കുടുംബസ്വത്തല്ല സിബിഐ. 

സംസ്ഥാനം ആവശ്യപ്പെടുന്ന പല കേസുകളും അവർ ഏറ്റെടുക്കാത്ത സാഹചര്യമാണ്. എന്നാൽ അതല്ലാത്ത പല കേസുകളും അവർ ഏറ്റെടുക്കുന്നുമുണ്ട്. സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ അറിവോടെ മാത്രമേ, അന്വേഷിക്കാൻ പാടൂ. രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാനാണ് ഇപ്പോൾ ഏജൻസികൾ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ നിയമപരമായ പരിശോധനകൾ ആവശ്യമാണ്, ഇത് സർക്കാരിനെ അറിയിച്ചെന്നും, തുറന്ന ചർച്ച ആവശ്യപ്പെട്ടെന്നും സിപിഐ പറയുന്നു. സിബിഐ ഒരു അന്വേഷണ ഏജൻസിയാണെന്നും അതിനാൽത്തന്നെ കേസന്വേഷണത്ത എതിർക്കുന്നുമില്ലെന്നും കോടിയേരിക്ക് പിന്നാലെ കാനവും ആവർത്തിക്കുന്നു. എന്നാൽ സംസ്ഥാനസർക്കാരിന്‍റെ അനുമതി ആവശ്യമാണെന്നും കാനം. 

click me!