'അനുഭവിച്ചോ' പ്രയോഗം സിപിഎം സെക്രട്ടേറിയറ്റ് നാളെ ചർച്ച ചെയ്യും, ജോസഫൈനെതിരെ പ്രതിഷേധം ശക്തം

By Web TeamFirst Published Jun 24, 2021, 6:36 PM IST
Highlights

പ്രതിപക്ഷം ജോസഫൈന്‍റ് രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശകതമാക്കുമ്പോൾ സിപിഎമ്മും ജോസഫൈനെ ന്യായീകരിക്കാൻ തയ്യാറായില്ല. 

തിരുവനന്തപുരം: ഗാർഹിക പീഡനത്തിൽ പരാതിയറിയിക്കാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈനെതിരെ  പ്രതിഷേധം ശക്തമാവുന്നു .പ്രതിപക്ഷം ജോസഫൈന്‍റ് രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശകതമാക്കുമ്പോൾ സിപിഎമ്മും ജോസഫൈനെ ന്യായീകരിക്കാൻ തയ്യാറായില്ല. വിവാദ പരാമർശം ചർച്ച ചെയ്യാനാണ് പാർട്ടിയുടെ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നാളെ വിഷയം ചർച്ചയാവും. തത്സമയ ചർച്ചയിൽ ജോസഫൈൻ പങ്കെടുത്തതിലും പാർട്ടിക്ക് അതൃപ്തിയുണ്ട്. 

പരാമർശം വളച്ചൊടിച്ചെന്നും എന്നെ നിയമിച്ചത് യൂത്ത് കോണ്‍ഗ്രസ് അല്ലെന്നുമാണ് ജോസഫൈന്‍റെ വിശദീകരണം.തെറ്റ് പറ്റിയെങ്കിൽ അത് പറയാൻ തയ്യാറാകണമെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം പി.കെ.ശ്രീമതി ആവശ്യപ്പെട്ടു.ജോസഫൈനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തെ കൂടാതെ സിപിഐ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫും ജോസഫൈനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും ജോസഫൈനെ പുറത്താക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ ഇടത് സഹയാത്രികരും കടുത്ത വിമർശനമാണ് ജോസഫൈനെതിരെ ഉയർത്തുന്നത്.

പി.കെ.ശശിക്ക് എതിരെ ഉയർന്ന പീഡന പരാതിയിൽ പാർട്ടി കോടതിയും പൊലീസ് സ്റ്റേഷനുമാണെന്ന ജോസഫൈന്‍റെ പരാമർശം വിവാദമായിരുന്നു. 89-വയസ്സുള്ള സ്ത്രീക്ക് മർദ്ദനമേറ്റ സംഭവത്തിൽ പരാതിയറിച്ചവരോട് മോശമായി പെരുമാറിയതിലും ജോസഫൈൻ ആക്ഷേപം നേരിട്ടു. പ്രതികരണങ്ങളിൽ കരുതൽ വേണമെന്ന ശക്തമായ നിർദ്ദേശം നിലനിൽക്കെ സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം വീണ്ടും പരിധി വിട്ടതോടെ പാർട്ടിയും വെട്ടിലായി. സ്ത്രീധന പ്രശ്നങ്ങളിലും ഗാർഹിക പീഡനങ്ങളിലും നിശബ്ദരായി നരകയാതന അനുഭവിക്കുന്ന സ്ത്രീകളെ ധൈര്യം നൽകി നിയമത്തിൻ്റെ തണലിൽ എത്തിക്കാൻ സർക്കാരും പൊതുസമൂഹവും ശ്രമിക്കുന്നതിനിടെയുള്ള വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ ധാർഷ്ഠ്യം സർക്കാരിനും പാർട്ടിക്കും ഒരേ പോലെ തിരിച്ചടിയായ സ്ഥിതിയാണ്. 

click me!