
ഇടുക്കി: മാസ്ക്ക് വയ്ക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്ന് തലക്ക് കല്ലുകൊണ്ടു ഇടിയേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ആശുപത്രി വിട്ടു. മറയൂർ സ്റ്റേഷനിലെ പൊലീസുകാരനായ അജീഷ് പോളാണ് പരുക്ക് ഭേദമായി കൊച്ചിയിലെ ആശുപത്രി വിട്ടത്. ജൂൺ ഒന്നിനാണ് ഡ്യൂട്ടിക്കിടെ അജീഷ് പോളിന് കല്ലു കൊണ്ടുള്ള ആക്രമണത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റത്. മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് കോവിൽക്കടവ് സ്വദേശി സുലൈമാൻ എസ്എച്ച്ഒ രതീഷ് ജിഎസിനെയും അജീഷിനെയും മർദ്ദിച്ചത്.
ആലുവ രാജഗിരി ആശുപത്രിയിലെത്തിക്കുമ്പോള്‍ സംസാരശേഷിയും വലത് കയ്യുടെയും കാലിന്‍റെയും ചലനശേഷിയും നഷ്ടപ്പെട്ട നിലയിലായിരുന്നു. അജീഷിന്റെ ജീവൻ നിലനിർത്തുക എന്നതായിരുന്നു ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. ജഗത് ലാൽ ഗംഗാധരന്‍റെ നേതൃത്വത്തിലുള്ള സംഘം നേരിട്ട ആദ്യ വെല്ലുവിളി. ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം അജീഷ് പോളിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ആക്രമണത്തെ തുടർന്ന് അജീഷിന്റെ തലയോട്ടി തകർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നു. തലച്ചോറിന്റെ ഇടതുവശത്തേറ്റ പരുക്കാണ് സംസാരശേഷിക്ക് തകരാറുണ്ടാക്കിയത്. ആറു ദിവസം വെൻറിലേറ്ററിൽ കഴിയേണ്ടി വന്നു.
തുടർന്ന് നടത്തിയ ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി ചികിത്സകളുടെ ഫലമായി സംസാരശേഷിയും കൈകാലുകളുടെ ചലനശേഷിയും ഒരു പരിധിവരെ തിരിച്ചു കിട്ടി. തലച്ചോറിനേറ്റ തകരാറ് മൂലം ഓർമ്മയിലുള്ള പല കാര്യങ്ങളും ആശയവിനിമയം നടത്താൻ സാധിക്കാത്ത നിലയിലായിരുന്നു അജീഷ് പോൾ. ആറ് മാസം കൂടിയെങ്കിലും ഇദ്ദേഹത്തിന് സ്പീച്ച് തെറാപ്പി ആവശ്യമായി വരും. വ്യവസായ മന്ത്രി പി രാജീവും ആശുപത്രി അധികൃതരും ചേർന്നാണ് അജീഷ് പോളിനെ യാത്രയാക്കിയത്. എസ്എച്ച്ഒ രതീഷ് നേരത്തെ ആശുപത്രി വിട്ടിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam