കൊവിഡ് പ്രതിരോധം കൂട്ടായ പ്രയത്നത്തിൻ്റെ ഫലം: ഷൈലജ മഗ്സസെ പുരസ്കാരം നിരസിച്ചതിൽ സിപിഎം വിശദീകരണം

By Web TeamFirst Published Sep 4, 2022, 8:07 PM IST
Highlights

കേരളത്തിലെ പാർട്ടിക്കുള്ളിൽ രണ്ടാം പിണറായി സർക്കാർ വന്നതിനു ശേഷമുളള ഭിന്നതയുടെ സൂചനകൾ കൂടിയാണ് ഇപ്പോഴത്തെ വിവാദം.

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധ നടപടികൾ ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നത് ശരിയല്ലെന്ന ചിന്തയാണ് മാഗ്സസെ അവാർഡ് നിരാകരിക്കാൻ പ്രധാന കാരണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. കെകെ ശൈലജയുടെ നിലപാട് അംഗീകരിച്ചു എന്ന് വിശദീകരിക്കുമ്പോഴും, കേരളത്തിലെ പാർട്ടിക്കുള്ളിൽ രണ്ടാം പിണറായി സർക്കാർ വന്നതിനു ശേഷമുളള ഭിന്നതയുടെ സൂചനകൾ കൂടിയാണ് ഇപ്പോഴത്തെ വിവാദം.

കെകെ ശൈലജ തന്നെ നിർദ്ദേശിച്ച നിലപാടാണ് പാർട്ടി അംഗീകരിച്ചത് എന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിശദീകരണം. എന്നാൽ സർക്കാരിൻറെ കൂട്ടായ നേട്ടത്തിന് വ്യക്തി അവാർഡ് സ്വീകരിക്കേണ്ടതില്ല എന്ന വിലയിരുത്തൽ യെച്ചൂരി മറച്ചു വയ്ക്കുന്നില്ല. രാഷ്ട്രീയ നേതാക്കൾ ഇത് വാങ്ങുന്നത് ഉചിതമല്ല എന്നതാണ് പാർട്ടിയുടെ ആദ്യ വിലയിരുത്തൽ. 

അരവിന്ദ് കെജ്രിവാൾ, കിരൺ ബേദി എന്നിവർക്ക് കിട്ടിയത് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുൻപാണ്. സിപിഐയുടെ മഹിളാ ഫെഡറേഷൻ അദ്ധ്യക്ഷ അരുണ റോയ് സ്വീകരിച്ചപ്പോഴും ആ സ്ഥാനം ഏറ്റെടുത്തിരുന്നില്ല. 

റമോൺ മഗ്സസെ സിഐഎയുമായി ചേർന്ന് കമ്മ്യൂണിസ്റ്റുകളെ കൊന്നൊടുക്കി എന്നത് പുരസ്കാരം നിരസിക്കാനുള്ള മൂന്നാമത്തെ കാരണം മാത്രമെന്നും നേതാക്കൾ പറയുന്നു. അടുത്തിടെ ബുദ്ധദേബ് ഭട്ടാചാര്യ പദ്മ പുരസ്ക്കാരം വേണ്ടെന്നു വച്ചിരുന്നു. എന്നാൽ കേരളത്തിലെ മന്ത്രിസഭ മാറ്റങ്ങളിൽ ധാരണ ആയ ശേഷമാണ് ഇക്കാര്യം ചർച്ചയായവുന്നത് എന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 

അതേസമയം പുനസംഘടനയുടെ ഭാഗമായി കെകെ ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പടുത്താൻ പല സംസ്ഥാന നേതാക്കളും തയ്യാറല്ല എന്ന സൂചനയാണ് കേന്ദ്രനേതൃത്വം നല്കുന്നത്. രണ്ടാം പിണറായി സർക്കാർ വന്ന ശേഷം ഇക്കാര്യത്തിൽ പാർട്ടിയിൽ തുടങ്ങിയ ചർച്ച ഇപ്പോഴും തീർന്നിട്ടില്ല. സാങ്കേതിക കാരണങ്ങൾ പാർട്ടി നിരത്തുമ്പോഴും കെക ശൈലജയ്ക്ക് രാജ്യാന്തര തലത്തിൽ പ്രാധാന്യം കിട്ടുന്നതിലെ വിഷയങ്ങൾ പാർട്ടിയിൽ തുടരുന്നു എന്ന സൂചനയാണ് പുതിയ വിവാദവും നല്കുന്നത്

കൊവിഡ് പ്രതിരോധത്തിലെ വിജയം കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമാണ്. സർക്കാരിന് കൂട്ടായാണ് അംഗീകാരം കിട്ടേണ്ടത്. എന്നാൽ വ്യക്തിക്ക് ആണ് നല്കുന്നത് എന്ന് അവാർഡ് ഫൗണ്ടേഷൻ വിശദീകരിച്ചു. കെക ശൈലജയാണ് പാർട്ടി. കേന്ദ്രകമ്മിറ്റി അംഗമാണ്. എന്നെ ടെലിഫോൺ ചെയ്ത് കെകെ ശൈലജ നിലപാട് അറിയിച്ചിരുന്നു - സീതാറാം യെച്ചൂരി, സിപിഎം ജനറൽ സെക്രട്ടറി

click me!