CPM State Conference : സിപിഎം സംസ്ഥാന സമ്മേളനം: പ്രവർത്തന റിപ്പോർട്ടിലും സംഘടനാ റിപ്പോർട്ടിലും ചർച്ച ഇന്ന്

Published : Mar 02, 2022, 07:30 AM IST
CPM State Conference : സിപിഎം സംസ്ഥാന സമ്മേളനം: പ്രവർത്തന റിപ്പോർട്ടിലും സംഘടനാ റിപ്പോർട്ടിലും ചർച്ച ഇന്ന്

Synopsis

പൊതുസ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിൽ സംസ്ഥാനത്ത് വൻകിട വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണമെന്നാണ് മുഖ്യമന്ത്രി സിപിഎം സമ്മേളനത്തിൽ അവതരിപ്പിച്ച (CPM) നയരേഖയിൽ ആവശ്യപ്പെടുന്നത്

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനം കൊച്ചിയിൽ പുരോഗമിക്കുകയാണ്. പ്രവർത്തന റിപ്പോർട്ടിലും സംഘടനാ റിപ്പോർട്ടിലുമുള്ള ചർച്ചയാണ് ഇന്നത്തെ അജണ്ട. നാളെ നവകേരള നയരേഖയിൽ ചർച്ച നടക്കും. മുഖ്യമന്ത്രി അവതരിപ്പിച്ച രേഖയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ കോടിയേരി വൈകീട്ട് മാധ്യമങ്ങളെ കാണും.

പൊതുസ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിൽ സംസ്ഥാനത്ത് വൻകിട വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണമെന്നാണ് മുഖ്യമന്ത്രി സിപിഎം സമ്മേളനത്തിൽ അവതരിപ്പിച്ച (CPM) നയരേഖയിൽ ആവശ്യപ്പെടുന്നത്. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും വൻകിട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ വേണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കണം. വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കണമെന്നും നയരേഖയിൽ പറയുന്നു.

സിഐടിയുവിനെതിരെ (CITU)  രൂക്ഷ വിമർശനമാണ് നയരേഖയ്ക്കൊപ്പം അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലുള്ളത്.  തൊഴിലാളികളെ സംഘടന അവകാശബോധം മാത്രം പഠിപ്പിക്കുന്നു. അതുപോരാ, തൊഴിലാളികളിൽ ഉത്തരവാദിത്ത ബോധം കൂടി ഉണ്ടാക്കണം. അതാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. ഡിവൈഎഫ്ഐക്ക് പ്രശംസയുമുണ്ട്. കൊവിഡ് കാലത്ത് ഡിവൈഎഫ്ഐ അടക്കം മികച്ച പ്രവർത്തനം കാഴ്ചവെച്ചു എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. 

വിഭാഗീയത തുരുത്തുകളെ കുറിച്ച് വിമർശനം ഉണ്ട്. ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലകളിൽ വിഭാഗീയത ഉണ്ട്. അൻപത് ശതമാനം വോട്ടർമാരുടെ പിന്തുണയാണ് പാർട്ടി ലക്ഷ്യിടുന്നത്. സിപിഎം അടിത്തറ ശക്തമാക്കി ഈ നേട്ടത്തിലേക്ക് എത്തണമെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. 

വരുന്ന കാൽ നൂറ്റാണ്ട് കാലത്തേക്കുള്ള കേരളത്തിന്റെ വികസനം സംബന്ധിച്ച പാർട്ടി നയമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിൽ അവതരിപ്പിച്ചത്. വിദ്യാഭ്യാസ മേഖലയിലുൾപ്പടെ സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിൽ ഉദാര സമീപനമാണ് ലക്ഷ്യമെന്ന് കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ നേരത്തെ പറഞ്ഞിരുന്നു. അടിസ്ഥാന നയങ്ങളിൽ വെള്ളം ചേർക്കാതെയാകും നയരേഖയെന്നും സിപിഎം നേതാക്കൾ വ്യക്തമാക്കിയിരുന്നു.

വർഷങ്ങൾക്ക് ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിൽ കേരള വികസനം സംബന്ധിച്ച പാര്‍ട്ടി നിലപാട്  ഒരു രേഖയായി അവതരിപ്പിക്കുന്നത്. 37 വർഷം മുമ്പ് എറണാകുളത്ത് തന്നെ നടന്ന സമ്മേളനത്തിൽ എം.വി. രാഘവൻ അവതരിപ്പിച്ച ബദൽ രേഖയ്ക്ക് ശേഷം പ്രവർത്തന റിപ്പോർട്ടിനൊപ്പം ഒരു നയരേഖ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. സ്വകാര്യ നിക്ഷേപം. വിദേശ നിക്ഷേപം, വിദേശ വായ്പ, സ്വയം ഭരണ സ്ഥാപനങ്ങള്‍ തുടങ്ങി പാര്‍ട്ടി നേരത്തെ കടുത്ത നിലപാടെടുത്തിരുന്ന പല വിഷയങ്ങളിലും ഒരു നയം മാറ്റത്തിനുളള തുടക്കമാകും മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയെന്നാണ് സൂചന. തുടര്‍ ഭരണത്തില്‍ നിന്ന് തുടര്‍ച്ചയായ ഭരണത്തിലേക്ക് എന്ന ലക്ഷ്യത്തോടെ അവതരിക്കുന്ന നയരേഖയില്‍ കേരളത്തിന്‍റെ വികസനത്തിനാകും മുഖ്യ പരിഗണനയെന്ന് നേതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു. വികസന പദ്ധതികള്‍  സംബന്ധിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിന് പിന്നാലെയാണ് സിപിഎം കേരള ഘടകത്തിന്‍റെ നയരേഖ പുറത്തുവരുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ലൈംഗികാതിക്രമ കേസ്; മുൻ മന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ അപ്പീലുമായി പരാതിക്കാരി