
തിരുവനന്തപുരം: സിപിഎം (cpim) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തെക്ക് കോടിയേരി ബാലകൃഷ്ണൻ (kodiyeri balakrishnan) മടങ്ങിയെത്തുമോ എന്നതാണ് നിർണ്ണായകം. മകൻ ബിനീഷിന് കള്ളപ്പണ കേസിൽ ജാമ്യം ലഭിക്കുകയും കോടിയേരിയുടെ ആരോഗ്യസ്ഥിതിയിലുണ്ടായ പുരോഗതിയുമാണ് മടങ്ങി വരവിന് കളമൊരുക്കുന്നത്. നാളെ പൊളിറ്റ് ബ്യുറോ യോഗം തുടങ്ങാനിരിക്കെ പിബി യോഗത്തിന് ശേഷം തീരുമാനം വരാനാണ് സാധ്യതയേറെ.
2020 നവംബർ 13നാണ് കോടിയേരി സ്ഥാനമൊഴിഞ്ഞത്. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിനെ വെട്ടിലാക്കിയ വനം വകുപ്പ് നടപടികളെ സംബന്ധിച്ച് മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചേക്കും. ശസ്ത്രക്രിയക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്ന എസ് രാമചന്ദ്രൻ പിള്ള ഒഴികെ കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങൾ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ദില്ലിക്ക് തിരിക്കും.
അതേസമയം, മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത് ഗൗരവ വിഷയമെന്ന് സിപിഐ നിലപാട് വ്യക്തമാക്കി. വിഷയം സർക്കാർ പരിശോധിച്ച് നടപടിയെടുക്കണമെന്ന് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിൽ സർക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് വേണ്ടതെന്നും കാനം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുല്ലപ്പെരിയാർ കേരളത്തിന്റെ പ്രധാന വിഷയമാണ്.
അതിനാൽ ഉദ്യോഗസ്ഥർ മാത്രം തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. കേരളം ഇന്ധന നികുതി കുറക്കേണ്ടതില്ലെന്നും കാനം കൂട്ടിച്ചേർത്തു. കേരളത്തിൽ ആറ് വർഷമായി നികുതി കൂട്ടിയിട്ടില്ല.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെത്തിനെക്കാൾ 1 ശതമാനം നികുതി ഇടത് സർക്കാർ കുറക്കുകയും ചെയ്തു. കൂട്ടിയവർ കുറക്കട്ടെ എന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ജി സുധാകരനെതിരായ നടപടി സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണ്. അതിനെ അങ്ങനെ കണ്ടാൽ മതിയെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam