
തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎമ്മിന്റെ സംസ്ഥാനത്തെ നേതാക്കളിൽ പ്രമുഖനുമായ ജി സുധാകരനെ പരസ്യമായി ശാസിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനം. ഇന്ന് ചേർന്ന സിപിഎം (CPIM) സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരത്ത് എകെജി സെന്ററിൽ (AKG Center) നടന്ന യോഗത്തിലാണ് തീരുമാനം.
അമ്പലപ്പുഴ (amabalappuzha) തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജി.സുധാകരനെതിരെ (G Sudhakaran) ഉയർന്ന പരാതികളിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്നത്തെ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നിരുന്നു. ജി.സുധാകരന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന കണ്ടെത്തൽ ഈ റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ സംസ്ഥാന സമിതി യോഗങ്ങളിൽ സുധാകരൻ പങ്കെടുത്തിരുന്നില്ല. സുധാകരനെതിരെ പരാതി ഉന്നയിച്ച എച്ച് സലാമിനെതിരെയും റിപ്പോർട്ടിൽ കണ്ടെത്തലുകളുണ്ട്.
സിപിഎമ്മിന്റെ അച്ചടക്ക നടപടികളിൽ താഴേത്തലത്തിൽ നിന്നും മൂന്നാമത്തെ ശിക്ഷാ നടപടിയാണ് പരസ്യ ശാസന. താക്കീത്, ശാസന, പരസ്യ ശാസന, ചുമതലയിൽ നിന്ന് നീക്കൽ തുടങ്ങിയ നടപടികളാണ് സിപിഎം ശിക്ഷാ നടപടികളിലെ ക്രമം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർത്ഥി എച്ച് സലാമിന് പിന്തുണ നൽകിയില്ലെന്നാണ് ജി സുധാകരനെതിരായ പ്രധാന കണ്ടെത്തൽ. വിജയിച്ചെങ്കിലും സുധാകരന്റെ നിഷേധ സ്വഭാവം പ്രചാരണത്തിൽ പ്രതിഫലിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
സിപിഎം സംസ്ഥാന സമിതി തീരുമാനപ്രകാരം എളമരം കരീമും, കെജെ. തോമസുമാണ് അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വീഴ്ചകൾ അന്വേഷിച്ചത്. അമ്പലപ്പുഴയിൽ മത്സരിക്കാൻ ജി.സുധാകരൻ തയ്യാറെടുത്തെന്നും എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സുധാകരൻ ആത്മാർത്ഥമായി പ്രവർത്തിച്ചില്ലെന്നാണ് പ്രധാന വിമർശനം. മണ്ഡലം കമ്മിറ്റി സാമ്പത്തികമായി പ്രയാസത്തിലായപ്പോഴും മുതിർന്ന നേതാവും സിറ്റിംഗ് എംഎൽഎയുമായിരുന്ന ജി.സുധാകരൻ സഹായം നൽകിയില്ല. മണ്ഡലത്തിൽ സ്ഥാനാർത്ഥി എച്ച് സലാമിനെതിരെ ഉയർന്ന പോസ്റ്റർ പ്രചാരണത്തിൽ സ്ഥാനാർത്ഥിയെ പ്രതിരോധിക്കാൻ സുധാകരൻ ഇറങ്ങാതിരുന്നതും പാർട്ടി അന്വേഷണത്തിൽ എതിരായി. സലാമിനെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്. നിലവിൽ 73കാരനായ പാർട്ടി സംസ്ഥാന സമിതി അംഗമാണ് സുധാകരൻ. ഇപ്പോഴത്തെ തീരുമാന പ്രകാരം 75 വയസ് വരെ മാത്രമേ സുധാകരന് ഈ സമിതിയിൽ തുടരാനാകൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam