G. Sudhakaran| ജി.സുധാകരനെതിരെ പാർട്ടി നടപടി വരുമോ? അന്വേഷണ റിപ്പോർട്ട് സിപിഎം സംസ്ഥാന സമിതിയിൽ വച്ചു

By Web TeamFirst Published Nov 6, 2021, 2:49 PM IST
Highlights


അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വീഴ്ചകളിൽ ജി.സുധാകരനെതിരായ കുറ്റപ്പത്രമാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. തെര‌ഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയില്ലെന്നാണ് ജി.സുധാകരനെതിരായ പ്രധാന കണ്ടെത്തൽ.

തിരുവനന്തപുരം: സിപിഎം (CPIM) സംസ്ഥാന സമിതി യോഗം തിരുവനന്തപുരത്ത് എകെജി സെൻ്ററിൽ (AKG Center) തുടങ്ങി. അമ്പലപ്പുഴ (amabalappuzha) തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജി.സുധാകരനെതിരെ (G Sudhakaran) ഉയർന്ന പരാതികളിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് യോഗത്തിൽ വച്ചു. ജി.സുധാകരൻ്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന കണ്ടെത്തൽ ഈ റിപ്പോർട്ടിലുണ്ട്. സംസ്ഥാന സമിതി അംഗമായ സുധാകരനെതിരേയുള്ള റിപ്പോർട്ട് സംസ്ഥാന സമിതി ചർച്ച ചെയ്യുകയും നടപടി തീരുമാനിക്കുകയും ചെയ്യും. കഴിഞ്ഞ സംസ്ഥാന സമിതി യോഗങ്ങളിൽ  സുധാകരൻ പങ്കെടുത്തിരുന്നില്ല. സുധാകരനെതിരെ പരാതി ഉന്നയിച്ച എച്ച്. സലാമിനെതിരെയും റിപ്പോർട്ടിൽ കണ്ടെത്തലുകളുണ്ട്. 

അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വീഴ്ചകളിൽ ജി.സുധാകരനെതിരായ കുറ്റപ്പത്രമാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. തെര‌ഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയില്ലെന്നാണ് ജി.സുധാകരനെതിരായ പ്രധാന കണ്ടെത്തൽ.  വിജയിച്ചെങ്കിലും സുധാകരൻറെ നിഷേധ സ്വഭാവം പ്രചാരണത്തിൽ പ്രതിഫലിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സിപിഎം സംസ്ഥാന സമിതി തീരുമാനപ്രകാരം എളമരം കരീമും,കെജെ. തോമസുമാണ് അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വീഴ്ചകൾ അന്വേഷിച്ചത്. അമ്പലപ്പുഴയിൽ മത്സരിക്കാൻ ജി.സുധാകരൻ തയ്യാറെടുത്തെന്നും എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സുധാകരൻ ആത്മാർത്ഥമായി പ്രവർത്തിച്ചില്ലെന്നാണ് പ്രധാന വിമർശനം. 

മണ്ഡലം കമ്മിറ്റി സാമ്പത്തികമായി പ്രയാസത്തിലായപ്പോഴും  മുതിർന്ന നേതാവും സിറ്റിംഗ് എംഎൽഎയുമായിരുന്ന ജി.സുധാകരൻ  സഹായം നൽകിയില്ല. മണ്ഡലത്തിൽ സ്ഥാനാർത്ഥി എച്ച് സലാമിനെതിരെ ഉയർന്ന പോസ്റ്റർ പ്രചാരണത്തിൽ സ്ഥാനാർത്ഥിയെ പ്രതിരോധിക്കാൻ സുധാകരൻ ഇറങ്ങാതിരുന്നതും പാർട്ടി അന്വേഷണത്തിൽ എതിരായി. സലാമിനെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്. പാർട്ടി സംസ്ഥാന സമിതി അംഗമായ സുധാകരനെതിരെ കടുത്ത നടപടികളിലേക്ക് സിപിഎം കടക്കുമോ എന്നതാണ് ഇനി നിർണ്ണായകം

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തെക്കുള്ള കോടിയേരിയുടെ മടങ്ങി വരവ് ഇപ്പോൾ ഉണ്ടാകുമോ എന്നതാണ് ഇന്നത്തെ സംസ്ഥാന സമിതിയിൽ ചർച്ചയാവുന്ന മറ്റൊരു നിർണായക വിഷയം. മകൻ ബിനീഷിന് കള്ളപ്പണ കേസിൽ ജാമ്യം ലഭിച്ചതും കോടിയേരിയുടെ ആരോഗ്യസ്ഥിതിയിലുണ്ടായ മാറ്റങ്ങളുമാണ് മടങ്ങി വരവിന് കളമൊരുക്കുന്ന അനുകൂല ഘടകങ്ങൾ.  

എന്നാൽ ഇക്കാര്യത്തിൽ അടുത്ത പിബി യോഗത്തിൻ്റെ അനുമതി കൂടി വേണെന്നാണ് സംസ്ഥാന സമിതിയിലെ തീരുമാനമെങ്കിൽ കോടിയേരിയുടെ  മടങ്ങി വരവ് ഈ ദിവസങ്ങളിൽ ഉണ്ടാകില്ല. ഇന്ധനവില വർധനയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങൾ പ്രതിരോധിക്കാനുള്ള പ്രചരണ പരിപാടികൾക്കും സംസ്ഥാന കമ്മിറ്റി രൂപം നൽകും.

click me!